wash
വളയം എളമ്പ പുഴയോരത്ത് റെയ്ഡിൽ പിടികൂടിയ വാഷ് ശേഖരം എക്‌സൈസ് അധികൃതർ നശിപ്പിക്കുന്നു

നാദാപുരം: വളയം പഞ്ചായത്തിലെ എളമ്പ പുഴയോരത്ത് 600 ലിറ്റർ വാഷ് പിടികൂടി. വടകര എക്‌സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിലാണ് വ്യാജചാരായ നിർമ്മാണത്തിനായി തയ്യാറാക്കി സൂക്ഷിച്ച വാഷ് ശേഖരം പിടികൂടിയത്. വടകര എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ കെ.എ.ജയരാജും സംഘവും ഇന്നലെ ശനിയാഴ്ച്ച ഉച്ചയോടെയാണ് പരിശോധന നടത്തിയത്. പാറക്കെട്ടുകൾക്കിടയിൽ ബാരലുകളിലും, ടാർ പോളിൻ ഷീറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.വിനോദ്, കെ.കെ. ജയൻ, കെ.ടി ഷംസുദ്ദീൻ, എ.കെ. രതീഷ്, ടി.വിശ്വനാഥൻ, എം.പി. വിനീത്, ബി.പി.മിഥുറാം, ഡ്രൈവർ രാജൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.