college

കോഴിക്കോട് : കൊവിഡിൽ അടഞ്ഞുപോയ കോളേജുകളും ഇന്നുമുതൽ സർഗാത്മകമാവും. സ്കൂളുകൾക്ക് പുറമെ കോളേജുകളിലും അദ്ധ്യായനം ആരംഭിക്കുകയാണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഒന്ന്, രണ്ട് വർഷ ബിരുദാനന്തര വിദ്യാർത്ഥികൾക്കുമാണ് ഇന്ന് ക്ലാസുകൾ തുടങ്ങുന്നത്. ജില്ലയിലെ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസ് നടക്കുക. അമ്പത് ശതമാനം വിദ്യാർത്ഥികൾക്കാണ് ഒരുസമയം ക്ലാസ് നൽകുക. . കൊവിഡ് പ്രോട്ടോകോൾ നിർബന്ധമാണ്. സാനിറ്റൈസറും കൈകഴുകാനുള്ള സൗകര്യങ്ങളും എല്ലായിടത്തും സജ്ജമാക്കി. സ്റ്റോറുകളിൽ മാസ്‌കുകൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇതുവരെ ഓൺലൈനിലാണ് ക്ലാസുകൾ നൽകിയിരുന്നത്. കോളജിലെത്തിയാൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പുവരുത്താൻ രക്ഷിതാക്കൾക്കും കോളേജുകൾ രക്ഷിതാക്കൾക്കും നിർദ്ദേശം നൽകി. ബിരുദ വിദ്യാർത്ഥികൾക്ക് ആറാം സെമസ്റ്റർ ക്ലാസുകളാണ് വരും ദിവസങ്ങളിൽ നടത്തുക. ബിരുദാനന്തര ബിരുദകാർക്ക് ഒന്നും നാലും സെമസ്റ്ററുകളിലെ പാഠഭാഗങ്ങളും നേരിട്ട് നൽകും. സയൻസ് വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം പ്രാക്ടിക്കൽ ക്ലാസുകളുണ്ടായിരുന്നില്ല. ആകെയുള്ള 12ൽ ആറ് പ്രാക്ടിക്കൽ ക്ലാസുകൾ മതിയെന്നാണ് നിർദ്ദേശം. കോളേജുകളുടെ ഹോസ്റ്റലുകളും വിദ്യാർത്ഥികളെ സ്വീകരിക്കാൻ സജ്ജമായി. പലവട്ടം ഹോസ്റ്റൽ മുറികളും അടുക്കളയും വൃത്തിയാക്കി. സർവകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജുകളും വിദ്യാർത്ഥികളെ സ്വീകരിക്കാൻ ഒരുങ്ങി.