കോഴിക്കോട്: കൊവിഡ് പ്രതിസന്ധി മറികടന്ന് കുതിക്കാൻ പുതുവർഷത്തിൽ ആകർഷകമായ ഓഫറുകളുമായി സൈബർ പാർക്ക്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നത് മുമ്പ് 25 കമ്പനികളെ സൈബർ പാർക്കിലേക്ക് എത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അഞ്ചെണ്ണം ഇതിനകം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
2021 ൽ ഐ.ടി കമ്പനികൾക്കായി ആകർഷകമായ പദ്ധതികളാണ് സൈബർപാർക്ക് വാഗ്ദാനം ചെയ്യുന്നത്. പ്ലഗ് ആൻഡ് പ്ലേ മാതൃകയിൽ 42000 ചതുരശ്ര അടി സ്ഥലം കമ്പനികൾക്കായി ഒരുക്കിയിരിക്കുന്നു. 500 മുതൽ 2700 ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് 31 ഓളം കമ്പനികൾക്ക് വരെ പ്രവർത്തിക്കാം. പത്ത് മുതൽ 70 പേർക്ക് വരെ ഇരിക്കാവുന്ന ഓഫീസ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
കൊവിഡ് കാലത്ത് സ്ഥലം വാടകയ്‌ക്കെടുക്കുന്ന കമ്പനികൾക്ക് പ്രത്യേക ഇളവുകൾ സൈബർ പാർക്ക് നൽകി വരുന്നുണ്ട്. 2021 മാർച്ച് 31 ന് മുമ്പ് പ്രവർത്തനമാരംഭിക്കുന്ന കമ്പനികൾക്ക് മൂന്ന് മാസത്തെ വാടക നൽകേണ്ടതില്ല. കേരളത്തിൽ നിന്നുള്ള ഉത്പന്നാധിഷ്ഠിത സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് മാസം 20,000 രൂപ എന്ന കണക്കിൽ അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ ഐ.ടി പാർക്കിലെ വാടകയിനത്തിൽ സ്റ്റാർട്ടപ്പ് മിഷൻ സബ്‌സിഡി നൽകി വരുന്നു.
സ്റ്റാർട്ടപ്പ് സംരംഭങ്ങളുമായി എത്തുന്ന തുടക്കക്കാർക്ക് പറ്റിയ വാണിജ്യസാങ്കേതിക അന്തരീക്ഷം സൈബർ പാർക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് ജനറൽ മാനേജർ നിരീഷ് സി പറഞ്ഞു. മറ്റ് ഐ.ടി പാർക്കുകളെ അപേക്ഷിച്ച് വാടകയിനത്തിൽ ഗണ്യമായ കുറവാണ് സൈബർപാർക്ക് നൽകുന്നത്. 1000 മുതൽ 15,000 ചതുരശ്ര അടി വരെ ഫർണിഷ് ചെയ്യാത്ത സ്ഥലവും കമ്പനികൾക്ക് നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ടി അധിഷ്ഠിത കമ്പനികൾക്കോ അനുബന്ധ നിർമ്മാതാക്കൾക്കോ രണ്ടേക്കറോ അതിലധികമോ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിനു നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 90 വർഷത്തേക്ക് പാട്ടക്കാലാവധി പുതുക്കാൻ സാധിക്കും.
42.5 ഏക്കറിലാണ് സൈബർ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇതിൽ 30 ഏക്കറിന് പ്രത്യേക സാമ്പത്തിക മേഖല അനുമതിയുണ്ട്. 2017 മേയിൽ പണി പൂർത്തിയായ ഒന്നാം കെട്ടിടത്തിൽ മൂന്ന് ലക്ഷം ചതുരശ്രയടി സ്ഥലമാണ് ഐ.ടി അധിഷ്ഠിത കമ്പനികൾക്കായുള്ളത്. മൊബൈൽ 10 എക്‌സിന്റെ മികവിന്റെ കേന്ദ്രമായ ആപ്പ് ഇൻകുബേഷൻ ഹബ് 13,000 ചതുരശ്ര അടി സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 2018 ജൂലായ് രണ്ടിനാണ് മികവിന്റെ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. നിലവിൽ 42 കമ്പനികളാണ് സൈബർ പാർക്കിൽ പ്രവർത്തിക്കുന്നത്.