കോഴിക്കോട്: പ്രളയം കവർന്ന അച്ഛന്റെ ഓർമ്മയുമായി മനുഷയ്ക്ക് ഇനി സ്നേഹവീട്ടിൽ അന്തിയുറങ്ങാം. മാവൂർ മണക്കാട് ദുരിതാശ്വാസ ക്യാമ്പിൽ മരിച്ച മൈസൂർ മാണ്ഡ്യ സ്വദേശി രാജുവിന്റെ മകൾ മനുഷയ്ക്കാണ് മാവൂർ പഞ്ചായത്തിൽ വീടൊരുങ്ങിയത്. എറണാകുളം ഞാറക്കൽ സ്വദേശി മൂഞ്ഞോലി ജിജു ജേക്കബാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ വീട് നിർമ്മിച്ച് നൽകിയത്. സിനിമാ സംവിധായകൻ ജിബു ജേക്കബിന്റെ സഹോദരനാണ് ജിജു. വീടിന്റെ താക്കോലും രേഖകളും ജില്ലാ കളക്ടർ സാംബശിവ റാവു, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മർ മാസ്റ്റർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജിജു ജേക്കബ് മനുഷയ്ക്ക് കൈമാറി. മാവൂർ പഞ്ചായത്ത് 18ാം വാർഡിലെ ആറ് സെന്റ് സ്ഥലത്താണ് മൂന്ന് കിടപ്പ് മുറികൾ, ഹാൾ, അടുക്കള, ടോയ്‌ലറ്റ് എന്നിവയടങ്ങിയ വീട് പണിതിരിക്കുന്നത്.വൈദ്യുതിയും വെള്ളവും ഗ്രാമപഞ്ചായത്താണ് ഒരുക്കിയത്.വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി തന്നവർക്ക് നന്ദിയുണ്ടെന്ന് മനുഷ പറഞ്ഞു.
2019 ലുണ്ടായ പ്രളയത്തെ തുടർന്ന് ചെറൂപ്പ മണക്കടവിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയവെയാണ് ഉയർന്ന രക്തസമ്മദ്ദം കാരണം മനുഷയുടെ അച്ഛൻ രാജു മരിച്ചത്. ചെറൂപ്പ അയ്യപ്പൻകാവിന് സമീപം പൊതുമരാമത്ത് ഭൂമിയിൽ കെട്ടിയുണ്ടാക്കിയ പ്ലാസ്റ്റിക് ഷെഡ്ഡിനകത്തായിരുന്നു ഇവരുടെ ജീവിതം. ശക്തമായ മഴയിലും കാറ്റിലും ഷെഡ്ഡ് നിലംപൊത്തിയതോടെ ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. തെരുവിൽ സർക്കസ് കളിച്ചായിരുന്നു രാജുവും കുടുംബവും കഴിഞ്ഞിരുന്നത്. രാജുവിന്റെ ഭാര്യ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. കായിക രംഗത്തും മിടുക്കിയായ മനുഷ മണക്കാട് ജി.എം.യു.പി സ്‌കൂളിൽ അഞ്ചാം തരം വിദ്യാർത്ഥിയാണ്. ക്യാമ്പിൽ നിന്ന് മാറിയ ശേഷം മാവൂർ കണ്ണിപറമ്പിലെ വൃദ്ധസദനത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
മനുഷയെപ്പറ്റി മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജിജു ജേക്കബ് കോഴിക്കോട്ടെത്തിയത്. ജിജുവിന്റെ സുഹൃത്ത് ആലപ്പുഴ തുമ്പോളി സ്വദേശി മനുഷയെ ദത്തെടുക്കാൻ തയ്യാറായിരുന്നെങ്കിലും മുതിർന്ന സഹോദരങ്ങൾ സംരക്ഷിക്കാനുള്ളതിനാൽ നിയമപരമായി ദത്തെടുക്കാനാവില്ലെന്നറിഞ്ഞതോടെ സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകാമെന്ന് ജില്ലാ കളക്ടർക്ക് രേഖാമൂലം ഉറപ്പു നൽകുകയായിരുന്നു.മനുഷയ്ക്കൊപ്പം സഹോദരൻ ശ്രീനിവാസനും കുടുംബവും ഉണ്ടാകും.
കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ടി. രഞ്ജിത്ത്, ജില്ലാ ടി.ബി ഓഫീസർ ഡോ. പി. പി പ്രമോദ്കുമാർ, യു. എ ഗഫൂർ, മനുഷയുടെ സഹോദരൻ ശ്രീനിവാസൻ, ജിജു ജേക്കബിന്റെ ഭാര്യ ലിൻസി, മകൻ ജേക്കബ് ഷോൺ തുടങ്ങിയവരും പങ്കെടുത്തു.