കോഴിക്കോട് : ജില്ലാഭരണകൂടം വികസന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകി മുന്നോട്ടു പോവുകയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. പേരാമ്പ്ര ദക്ഷിണാമൂർത്തി ഹാളിൽ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ മേഖലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രാഡിൽ പദ്ധതിയിലൂടെ ഘട്ടംഘട്ടമായി എല്ലാ അംഗൻവാടികളുടെയും നിലവാരം മെച്ചപ്പെടുത്തും. ഭിന്നശേഷി ബഡ്‌സ് സ്‌കൂൾ പ്രവർത്തനം മെച്ചപ്പെടുത്താനും നടപടിയുണ്ടാവും. മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും അവർക്ക് കൂടിച്ചേരാനുളള പൊതു ഇടങ്ങളുടെ പ്രവർത്തനവും മികച്ച നിലയിലാക്കും. ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ എത്തുന്നവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പെട്ടെന്ന് നിർവഹിച്ചുകൊടുക്കാൻ പുതിയ ഭരണസാരഥികൾക്ക് കഴിയണം. വീടില്ലാത്ത മുഴുവൻ ആളുകൾക്കും ലൈഫ് പദ്ധതിയിൽ മാർച്ച് മാസത്തോടെ വീട് നിർമ്മിച്ചുനൽകുകയാണ് ലക്ഷ്യം. ഭിന്നശേഷി, പാലിയേറ്റീവ് മേഖലകളിൽ ജനകീയ ഇടപെടലുകളും ത്രിതല പഞ്ചായത്തുകളുടെ ഇടപെടലുകളും ഉണ്ടാവുന്ന രീതിയിലായിരിക്കണം പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രവർത്തനം. പ്രവാസി സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ശ്രമം തുടരും. ജില്ലയിലെ മാലിന്യനിർമ്മാർജ്ജന പദ്ധതികൾക്ക് ആക്കംകൂട്ടണം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായും മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി ആറിന് വിക്‌ടേഴ്‌സ് ചാനൽവഴി ഓൺലൈനായി സംവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സമൂഹത്തിൽ നിരാലംബരും നിരാശ്രയരുമായവർക്കുളള കരുതലിന് പ്രാധാന്യം നൽകിയാവണം പദ്ധതികൾ ആ സൂത്രണം ചെയ്യുന്നതെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു പറഞ്ഞു. ജനകീയം 2025 വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒത്തൊരുമയോടെയുളള പ്രവർത്തനമാണ് ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല പറഞ്ഞു. കൊവിഡ് ജാഗ്രതാ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന ആർ.ആർ.ടി മുഖേന വീണ്ടും സജീവമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ പറഞ്ഞു.