കോഴിക്കോട് : ജില്ലയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വികസന മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അതിന് തുടർച്ചവേണമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഒളവണ്ണ ഇ.എം.എസ് ഹാളിൽ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ മേഖലായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവൃത്തികളിൽ മികച്ച നേട്ടം കൈവരിച്ച ജില്ലയാണ് കോഴിക്കോട്. പൊതുജനങ്ങൾക്ക് സഹായകരമായ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതോടൊപ്പം ജില്ലയുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനവും ഉറപ്പ് വരുത്തണം. സാമ്പത്തിക വികസനത്തിനായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതികൾ, ലൈഫ് മിഷൻ, വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങൾ, എനാബ്ലിംഗ് കോഴിക്കോട്, ക്രാഡിൽ പദ്ധതി, വയോജന ക്ഷേമം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു.