photo
ബാലുശ്ശേരി ബസ് സ്റ്റാൻ്റിനകത്ത് അനധികൃതമായ ബസ് പാർക്കിംഗ്

ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ് സ്റ്റാൻഡിലെ അനധികൃത ബസ്സ് പാർക്കിംഗ് കച്ചവടക്കാർക്ക് വിനയാകുന്നു. സ്റ്റാന്റിലെത്തുന്ന ബസ്സുകൾ കിഴക്കുഭാഗത്തെ കടകൾക്കു മുമ്പിലായി മണിക്കുറുകളോളം പാർക്ക് ചെയ്യുന്നതാണ് കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.

എറെ കാലത്തെ ബസ്സ് സ്റ്റാൻഡ് നവീകരണ പ്രവൃത്തിയെ തുടർന്നും ലോക്ക് ഡൗൺ കാരണവും സ്റ്റാൻഡിലെ കച്ചവടം പൂർണ്ണമായും സ്തംഭിച്ചിരുന്നു. മിക്ക കച്ചവടക്കാർക്കും കടകൾ ഇപ്പോഴും പൂർണമായി തുറന്നു പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ്.

കൊവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെയും ഉൾ പ്രദേശങ്ങളിലേക്ക് ബസ്സുകൾ ഓടി തുടങ്ങിയതോടെയുമാണ് സ്റ്റാന്റിലേക്ക് ആളുകൾ എത്തി തുടങ്ങിയത്. എന്നാൽ സ്റ്റാന്റിലെ കിഴക്കുഭാഗത്തെ കെട്ടിടത്തിലെ കടകൾക്കു മുമ്പിൽ അനധികൃതമായി ബസ്സുകൾ പാർക്ക് ചെയ്യുന്നതു മൂലം കച്ചവടം നടക്കാത്ത അവസ്ഥയാണ്.

ബസ്സുകൾക്ക് നിയമപരമായി പത്ത് മിനിട്ട് മാത്രമാണ് പാർക്കിംഗ് അനുവദിച്ചിട്ടുള്ളത് എന്നാൽ മിക്കപ്പോഴും രണ്ടും മൂന്ന് മണിക്കൂറുകളാണ് ബസ്സുകൾ ഇവിടെ പാർക്ക് ചെയ്യുന്നത്. മാറി മാറി വരുന്ന ബസ്സുകൾ ഇങ്ങനെ പാർക്ക് ചെയ്യുന്നതു കാരണം കച്ചവട സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ പറ്റാത്ത അവസ്ഥയുമുണ്ട്. സ്റ്റാന്റിനുള്ളിലെ ബസ്സുകളുടെ അനധികൃത പാർക്കിംഗ് എത്രയും വേഗം നിയന്ത്രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ടി.കെ.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ. രഘുത്തമൻ, കെ.കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.