രണ്ട് പേർ കുട്ടിക്കള്ളന്മാർ
കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രാത്രിമോഷണവും വാഹനക്കവർച്ചയും പിടിച്ചുപറിയും പതിവാക്കിയ കുട്ടിക്കള്ളന്മാർ ഉൾപ്പെടെ നാലു പേരെ നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ കെ. അഷ്റഫിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇൻസ്‌പെക്ടർ അനിൽകുമാറും ചേർന്ന് പിടികൂടി.
കുറ്റിച്ചിറ തലനാർതൊടിക വീട്ടിൽ പുള്ളി എന്ന അറഫാൻ (18), മുഖദാർ സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ ( 18) എന്നിവരും പ്രായപൂർത്തിയാവാത്ത രണ്ടു നടുവട്ടം സ്വദേശികളുമാണ് കുടുങ്ങിയത്.
നഗരത്തിൽ രാത്രി കുട്ടിക്കള്ളൻമാർ ഉൾപ്പെടുന്ന സംഘം മോഷണം നടത്തുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. സിറ്റിയിലെ വിവിധ സ്റ്റേഷൻ പരിധികളിലായുള്ള ഫ്ലിപ്പ് കാർട്ട് , ആമസോൺ ഓൺലൈൻ സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയർ സർവീസ് സ്ഥാപനങ്ങളിലും
മോഷണം നടത്തിയത് ഇവരാണെന്ന് സി.സി ടി.വി കാമറ ദൃശ്യങ്ങളിൽ വ്യക്തമായതാണ്. സിറ്റി പൊലീസ് ചീഫ് എ.വി ജോർജ്ജ് പിന്നീട് സിറ്റി ക്രൈം സ്‌ക്വാഡിനെ വിശദമായ അന്വേഷണത്തിന് നിയോഗിച്ചു.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം ഷാലു, ഹാദിൽ കുന്നുമ്മൽ, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ വി സുമേഷ് എന്നിവർ മോഷണങ്ങൾ നടന്ന സ്ഥലങ്ങൾ പരിശോധിച്ച് പരമാവധി തെളിവുകൾ ശേഖരിക്കുകയായിരുന്നു. രാത്രി സ്വകാര്യ വാഹനങ്ങളിലും അല്ലാതെയും പരിശോധന നടത്തിയ സംഘത്തിന് മോഷണം നടത്തിയവരെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചു. പിന്നീടുള്ള അന്വേഷണം ഇവരെ കേന്ദ്രീകരിച്ചായിരുന്നു. ടീം ലീഡർ അറഫാനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിനു പിറകെ മറ്റുള്ളവരും പിടിയിലായി. കുട്ടിക്കള്ളൻമാരെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിളിച്ചു വരുത്തുകയായിരുന്നു. നിയമത്തിന്റെ പരിരക്ഷ കിട്ടുമെന്ന രീതിയിൽ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് അറഫാൻ പ്രായപൂർത്തിയാവാത്ത ചങ്ങാതിമാരെ ഉപയോഗിച്ച് മോഷണം നടത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ക്രൈം സ്‌ക്വാഡ് അംഗങ്ങളെ കൂടാതെ പന്നിയങ്കര പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ കെ.എം സന്തോഷ് മോൻ, ശശീന്ദ്രൻ നായർ, സീനിയർ സി.പി.ഒ കെ.എം. രാജേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു പൊലീസ് സംഘത്തിൽ. അറഫാനെയും അജ്മൽ ബിലാലിനെയും കോടതി റിമാൻഡ് ചെയ്തു.