കോഴിക്കോട്: കവർച്ചയിലൂടെ കൗമാരക്കാർ പോക്കറ്റിലാക്കിയ നാലു ലക്ഷം തീർത്തത് വെറും രണ്ടു ദിവസം കൊണ്ട്. പണം തീരുന്നതിനനുസരിച്ച് വീണ്ടും മോഷണം. ആഡംബരജീവതത്തിൽ ഭ്രമിച്ചവർ പതിനെട്ടു തികയാത്തവരെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടുന്നു. പിടിച്ചാലും പ്രായക്കുറവിന്റെ ബലത്തിൽ രക്ഷപ്പെടാമെന്ന് പറഞ്ഞാണിത്.
കസബ സ്റ്റേഷൻ പരിധിയിലെ ഒരു സ്ഥാപനത്തിൽ നിന്നു കവർന്ന നാല് ലക്ഷത്തോളം രൂപ രണ്ടു ദിവസം കൊണ്ടാണ് ചെലവഴിച്ചതായി നഗരത്തിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് പിടിയിലായ അറഫാനും അജ്മലും പൊലീസിന് മൊഴി നൽകി. മറ്റൊരിക്കൽ ഇന്നോവ കാർ ഡ്രൈവർ സഹിതം വാടകയ്ക്കെടുത്ത് സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയി രണ്ടു ദിവസം കൊണ്ട് രണ്ടു ലക്ഷത്തോളം പൊടിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിച്ചും നിശാ ക്ലബ്ബുകളിൽ പങ്കെടുത്തും ആഡംബരവസ്തുക്കൾ വാങ്ങിയും പണം തീർത്ത ശേഷം മടങ്ങുകയായിരുന്നു. തിരിച്ചെത്തിയാൽ വീണ്ടും മോഷണത്തിനിറങ്ങുന്നു.
പതിനായിരം രൂപ വില വരുന്ന ബ്രാൻഡഡ് കമ്പനികളുടെ ഷൂ, വിലയേറിയ വസ്ത്രങ്ങൾ എന്നിവയാണ് ഇരുവരും ഉപയോഗിക്കുന്നത്. സ്റ്റാർ ഹോട്ടലുകളിൽ റൂമെടുത്തും ഭക്ഷണം കഴിച്ചും സുഹൃത്തുക്കൾക്ക് ട്രീറ്റ് കൊടുത്തും പണം തീർക്കാറാണ് പതിവ്.
കുറ്റമറ്റ പ്ലാനിംഗ്
പകൽ ചുറ്റിക്കറങ്ങുന്നതിനിടയിൽ ആഗ്രഹിക്കുന്ന മട്ടിലുള്ള വാഹനങ്ങൾ കണ്ണിൽപ്പെട്ടാൽ ചിലപ്പോൾ കിലോമീറ്ററുകളോളം പിന്തുടരും. വാഹനം വെക്കുന്ന സ്ഥലം സ്കെച്ച് ചെയ്ത് രാത്രി വീണ്ടും അവിടെയെത്തി ഉടമസ്ഥർ അറിയാതെ അടിച്ചുമാറ്റുന്നതാണ് രീതി. ഉടമസ്ഥർ അറിയാതിരിക്കാൻ വാഹനത്തിന്റെ നിറം വരെ മാറ്റി വിൽക്കും. അതല്ലെങ്കിൽ മോഷണത്തിന് ഉപയോഗിക്കും.
യമഹ ആർ.എക്‌സ് ബൈക്കുകളോട് ഏറെ കമ്പമുള്ള അറഫാൻ സുഹൃത്തുക്കൾക്ക് സൗജന്യമായി വരെ വണ്ടികൾ നൽകാറുണ്ട്.
നൈറ്റ് റൗണ്ട് ഹണ്ട്
വളരെ നേരത്തെ തന്നെ വീട്ടിൽ അടങ്ങുന്ന ഇവർ രക്ഷിതാക്കൾ ഉറങ്ങിയ ശേഷം പുറത്തിറങ്ങുകയാണ്. പൊലീസ് വാഹനം കണ്ടാൽ അമിത വേഗതയിൽ ഓടിച്ചുപോകുകയോ അല്ലെങ്കിൽ ഇടവഴികളിലൂടെ രക്ഷപ്പെടുകയോ ആണ് പതിവ്.
അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ പണവും മൊബൈലും കളവ് നടത്തിയും വീടുകളിലും മറ്റും നിറുത്തിയിട്ട വാഹനങ്ങളിലെ പെട്രോളും ഡീസലും ഊറ്റുകയും ചെയ്താണ് ഇവരുടെ രംഗപ്രവേശം.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ പന്നിയങ്കര, കസബ, ചേവായൂർ, ടൗൺ, ഫറോക്ക് സ്റ്റേഷനുകളുടെ പരിധിയിൽ നിന്ന് നിരവധി ബൈക്കുൾ മോഷ്ടിച്ചതടക്കം ഇരുപതോളം കേസുകൾക്ക് തുമ്പുണ്ടാക്കാൻ കഴിഞ്ഞു.
രണ്ട് മാസത്തിനിടെ പിടിയിലായത്
40 കേസുകളിലെ പ്രതികൾ
പുതിയ സിറ്റി ക്രൈം സ്‌ക്വാഡ് രൂപീകരിച്ച ശേഷം രണ്ടു മാസത്തിനിടയിൽ ബൈക്കിലെത്തി മാല പിടിച്ചുപറിക്കുന്ന സംഭവങ്ങളിലുൾപ്പെടെ നാല്പതിലേറെ കേസുകളിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് സിറ്റി പൊലീസ് ചീഫ് എ.വി. ജോർജ്ജ് പറഞ്ഞു.