പുൽപ്പളളി: ജഡത്തിന് കാവൽ നിന്ന ആനക്കൂട്ടം പിൻമാറിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ചെരിഞ്ഞ ആനക്കുട്ടിയുടെ ജഡം വനംവകുപ്പ് സർജൻ പോസ്റ്റുമോർട്ടം നടത്തി. കുറിച്യാട് റെയിഞ്ച് വണ്ടിക്കടവ് കന്നാരം പുഴ വനാതിർത്തിയിലായിരുന്നു ഒരു വയസ് പ്രായമുള്ള ആനക്കുട്ടിയുടെ ജഡം ഞായറാഴ്ച രാവിലെ നാട്ടുകാർ കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയെങ്കിലും നാലു പിടിയാനകൾ കാവൽ നിന്നതിനാൽ ഞായറാഴ്ച പോസ്റ്റുമോർട്ടം നടത്താനായില്ല. ഇവയെ വിരട്ടിയോടിച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ്‌ പോസ്റ്റുമോർട്ടം നടത്തിയത്. വിദഗ്ധ പരിശോധനയ്ക്ക്‌ ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് വെറ്ററിനറി സർജൻ ഡോ. അജീഷ് പറഞ്ഞു. കുറിച്യാട് റെയിഞ്ച് ഓഫീസർ വി. രതീശൻ, ഡപ്യൂട്ടി റെയിഞ്ചർ കെ. എം ഷാജി തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.