കോഴിക്കോട്: നാഷണൽ ഹൈവേ - 66 ആറുവരി ബൈപാസ് പദ്ധതിയുടെ പ്രവൃത്തി എത്രയും പെട്ടെന്ന് തുടങ്ങിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എം.കെ. രാഘവൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതി വൈകിക്കുന്നത് നാഷണൽ ഹൈവേ അതോറിറ്റിയും ഇൻകെലുമാണ്. 2018 ഏപ്രിലിൽ ഹൈദരാബാദിലെ കെ.എം.സി യ്ക്ക് ടെൻഡർ ലഭിച്ചെങ്കിലും കമ്പനിയുടെ ഭാഗത്തു നിന്നും തുടർനടപടിയിൽ കാലതാമസമുണ്ടായി. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിൽ അതോറിറ്റി കുറ്റകരമായ അലംഭാവമാണ് കാണിച്ചത്.
കരാർ പ്രകാരം പദ്ധതി പൂർത്തീകരിക്കണ്ടേ സമയവും കഴിഞ്ഞാണ് കമ്പനി ഫൈനാൻഷ്യൽ ക്ലോഷർ സമർപ്പിച്ചത്. അതോറിറ്റി ഇതുവരെ അതിന് അംഗീകാരം നൽകിയിട്ടില്ല. ചർച്ചകൾ അനന്തമായി നീളുന്നതാണ് പദ്ധതി അനിശ്ചിതത്വത്തിലാവാൻ പ്രധാന കാരണം. കെ.എം.സി രൂപീകരിച്ച കാലിക്കറ്റ് എക്‌സ്‌പ്രസ് വേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായുള്ള ഇൻകെലിന്റെ നിലപാടുകളും പദ്ധതി വൈകിപ്പിക്കുകയാണ്. അടിസ്ഥാന സങ്കേതിക സൗകര്യങ്ങളോ, കെല്പോ ഇല്ലാത്ത ഇൻകെൽ ഇപ്പോൾ ഭരണപരമായ പ്രതിസന്ധിയിലാണെന്നിരിക്കെ ഈ പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പറയാനാവില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏല്പിച്ചിരുന്നെങ്കിൽ പദ്ധതി സമയത്ത് നടക്കുമായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 13 നാണ് കോഴിക്കോട് ആറ് വരിപ്പാത ബൈപാസ് പ്രവൃത്തിയുൾപ്പെടെയുള്ള എട്ടു പദ്ധതികളുടെ തറക്കല്ലിടൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചത്. ഇവയിൽ പല പദ്ധതികളുടെയും അനുബന്ധ പ്രവൃത്തികൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. മൂന്നു മാസമാവാറായിട്ടും ബൈപാസിന്റെ കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് ഒരു നീക്കവുമുണ്ടായില്ല. പദ്ധതിയ്ക്കാവശ്യമായ സ്ഥലം ലഭ്യമായിട്ടുപോലും പ്രവൃത്തി തുടങ്ങാൻ വൈകുന്നത് വിരോധാഭാസമാണെന്ന് എം.പി പറഞ്ഞു.