കൽപ്പറ്റ: അടുത്ത അഞ്ച് വർഷങ്ങളിൽ ജനോപകാര പദ്ധതികൾക്കായിരിക്കും ജില്ലാ പഞ്ചായത്ത് മുൻഗണന നൽകുകയെന്ന് പ്രസിഡന്റ് സംഷാദ് മരക്കാർ, വൈസ് പ്രസിഡന്റ് എസ്.ബിന്ദു എന്നിവർ പറഞ്ഞു. വയനാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

തിരഞ്ഞെടുപ്പ് വരെ മാത്രമെ രാഷ്ട്രീയമുള്ളൂ. ജനങ്ങൾ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മുഴുവൻ ജനങ്ങളുടെയും പ്രതിനിധികളാണ് തങ്ങൾ.

കാർഷിക മേഖലയിലൂടെ വയനാടിന്റെ ഉന്നമനമാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. പിന്നാക്ക ജില്ലയെന്ന വയനാടിന്റെ പേര് മാറ്റാൻ ശ്രമിക്കും. ടൂറിസത്തെ കാർഷിക മേഖലയുമായി ബന്ധിപ്പിച്ചുള്ള വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകും.

കൃഷി, ടൂറിസം, കായികം, ആരോഗ്യം, വിദ്യാഭ്യാസം, വന്യമൃഗശല്യ പരിഹാരം, ദളിത് ആദിവാസി വിഭാഗം തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികൾ ജില്ലാ പഞ്ചായത്ത് ഭരണസമിതി ആലോചിച്ച് വരികയാണ്. വയനാട്ടിൽ ഐ.എ.എസ് അക്കാഡമിയെന്നത് തന്റെ സ്വപ്നപദ്ധതിയാണെന്നും അതിനായി വിശദമായ ഒരു പ്രൊപോസൽ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടി ജില്ലാ ആശുപത്രിയിൽ വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വികസന പ്രവർത്തനങ്ങൾ നടത്തും. പാരമ്പര്യ വൈദ്യന്മാർക്ക് പ്രോത്സാഹനം നൽകി അവരെ ടൂറിസവുമായി ബന്ധിപ്പിക്കും. കാർഷിക ഉൽപന്നങ്ങൾ സംസ്‌കരിച്ച് ബ്രാൻഡ് ചെയ്യാനുള്ള പദ്ധതികൾക്ക് തുടങ്ങും.

വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാവുന്ന മാതൃകകൾ പഠിച്ചശേഷം പദ്ധതി നടപ്പിലാക്കും.

സുതാര്യമായ രീതിയിൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നതോടൊപ്പം ഗുണഭോക്താക്കളുടെ അഭിപ്രായം കൂടി തേടി അവർക്ക് അനുയോജ്യമായ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുകയെന്ന് വൈസ് പ്രസിഡന്റ് എസ്.ബിന്ദു പറഞ്ഞു. ആദിവാസി മേഖലയിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും അവർ പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം അമൽ ജോയിയും പരിപാടിയിൽ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.സജീവൻ അദ്ധ്യക്ഷനായി. സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും വൈസ് പ്രസിഡന്റ് നീനു മോഹൻ നന്ദിയും പറഞ്ഞു.