മുക്കം: കാരശ്ശേരി പഞ്ചായത്തിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കുന്നിടിച്ച് നിരത്തുന്നത് തുടരുന്നു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയോരത്ത് കറുത്ത പറമ്പിലാണ് വൻതോതിൽ മലയിടിച്ച് നിരത്തുന്നത്.
നിരവധി മണ്ണുമാന്തിയന്ത്രങ്ങളും ടിപ്പർ ലോറികളും ഉപയോഗിച്ചാണ് പ്രവൃത്തി. കൊടുംവേനലിൽ പോലും വറ്റാത്ത നീരുറവകളുടെ പ്രഭവസ്ഥാനമാണ് മണ്ണെടുപ്പിലൂടെ നശിക്കുന്നതെന്ന് പരിസരവാസികളും നാട്ടുകാരും പറയുന്നു. റബ്ബർ മരങ്ങൾ മുറിച്ചു മാറ്റിയ തോട്ടഭൂമിയാണിത്. ഉദ്യോഗസ്ഥർ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിൽ മുഴുകിയ തക്കത്തിലാണ് മണ്ണെടുപ്പ് തുടങ്ങിയത്. കാരശ്ശേരി പഞ്ചായത്തിൽ അധികാരമൊഴിഞ്ഞ ഇടതുമുന്നണി ഈ പ്രവൃത്തിയ്ക്ക് അനുവാദം നൽകിയിട്ടില്ലെന്ന് മുൻ പ്രസിഡന്റ് വി.കെ.വിനോദ് പറഞ്ഞു. ഇതു സംബന്ധിച്ച് തങ്ങൾക്ക് ഒരു അറിവുമില്ലെന്ന് പുതിയ പ്രസിഡന്റ് വി.പി. സ്മിതയും പറയുന്നു.
ദിവസങ്ങളായി പ്രവൃത്തി തുടരുമ്പോഴും പഞ്ചായത്ത് അധികൃതരോ വില്ലേജ് അധികാരികളോ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്ന ആക്ഷേപമാണ് പരിസരവാസികളുടേത്. ഇതിനടുത്ത് മുമ്പൊരിക്കൽ മണ്ണിടിച്ചിലുണ്ടായതാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഇടിക്കുന്ന കുന്നിന്റെ താഴെ ജനവാസമേഖലയാണ്. കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളായ സത്യൻ മുണ്ടയിൽ, ജംഷിദ് ഒളകര എന്നിവരടങ്ങിയ യു.ഡി എഫ് സംഘം ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഇവിടെ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടി നാട്ടിയിട്ടുമുണ്ട്.