തൃക്കരിപ്പൂർ: കവ്വായി കായലിൽ വീണ്ടും കല്ലുമ്മക്കായ കൃഷി സജീവമായി. പുഴയിൽ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ കമ്പക്കയറടക്കമുള്ള സഞ്ചിയിൽ വിത്ത് നിക്ഷേപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. കാലാവസ്ഥ അനുകൂലമാവുകയും കൃത്യമായ പരിചരണവും ലഭിച്ചാൽ നല്ല വരുമാന മാർഗ്ഗമാണ് കല്ലുമ്മക്കായ കൃഷി. എന്നാൽ ഇടനിലക്കാരുടെ ഇടപെടലും കാലം തെറ്റിയെത്തുന്ന മഴയുമൊക്കെ കൃഷിയെ പ്രതികൂലമായി ബാധിക്കാറുണ്ട്.

വലിയപറമ്പ പഞ്ചായത്തിലെ ഇടയിലക്കാട്, തെക്കെക്കാട്, പടന്ന തുടങ്ങിയ ഭാഗങ്ങളിലും വെള്ളാപ്പ്, ആയിറ്റി, മെട്ടമ്മൽ തുടങ്ങിയ തൃക്കരിപ്പൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ചെറുവത്തൂർ പഞ്ചായത്തിന്റെ തീരദേശ ഭാഗങ്ങളിലുമാണ് കല്ലുമ്മക്കായ കൃഷി നടന്നുവരുന്നത്. ഒരു മീറ്ററോളം നീളത്തിലുള്ള വണ്ണമുള്ള വടത്തിന് കണക്കായുള്ള തുണിസഞ്ചി ഉണ്ടാക്കി അതിൽ വിത്തു നിക്ഷേപിച്ച ശേഷം വിത്തടക്കമുള്ള സഞ്ചി പുഴയിൽ തയ്യാറാക്കിയ മുള കൊണ്ടുണ്ടാക്കിയ പ്ളാറ്റുഫോമിൽ തൂക്കിയിടുകയാണ് ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിത്തുകൾ വളർന്ന് സഞ്ചിയിലുള്ള വടത്തിൽ പറ്റിപ്പിടിക്കുകയും, പ്രായമാകുന്നതിനുസരിച്ച് സഞ്ചി തകർത്ത് ഇവ കുല പോലെ രൂപപ്പെട്ട് പുറത്തേക്ക് വരികയുമാണ് സംഭവിക്കുന്നത്. ഏകദേശം ആറു മാസക്കാലമാണ് കല്ലുമ്മക്കായയുടെ വളർച്ചാ കാലാവധി.

ഡിസസംബർ - ജനുവരിയിൽ നിക്ഷേപിച്ച കല്ലുമ്മക്കായ വിത്ത് ജൂണോടെ വിളവെടുപ്പു നടത്തും. അതിശക്തമായ രീതിൽ ചൂടു കൂടുകയോ, പുഴയിലെ ലവണാംശത്തിന് വ്യതിയാനം സംഭവിക്കുന്ന വിധത്തിൽ മഴ പെയ്യുകയോ ചെയ്യുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുകയും കായ കയറിൽ നിന്ന് പൊഴിഞ്ഞു പോകാനും ഇടയാകും.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കൃഷിക്കായുള്ള വിത്തുകൾ ശേഖരിക്കുന്നത്. ഒരു ചാക്ക് വിത്ത് 3000 രൂപയ്ക്ക് ലഭിച്ചിരുന്നത് നിലവിൽ 6000 രൂപയായി ഉയർന്നത് കർഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ന്യായ വിലയ്ക്ക് വിത്തു ലഭിക്കാനുള്ള സൗകര്യമൊരുക്കുകയും, ഉത്പ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന വിധത്തിൽ വിപണനം ചെയ്യാനുള്ള സംവിധാനങ്ങൾ മത്സ്യഫെഡോ അനുബന്ധ വകുപ്പോ ഉണ്ടാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

സർക്കാർ ഏജൻസികൾ കൃത്യമായ ഇടപെടലുകൾ നടത്തിയാൽ കവ്വായി കായലിൽ വലിയതോതിൽ കല്ലുമ്മക്കായ കൃഷി നടക്കും. കാസർകോട് ജില്ലയിലെ ഈ തൊഴിൽ മേഖല വിപുലീകരിച്ച് പുതിയൊരു സംസ്കാരവും വളർത്തിയെടുക്കാം.

കർഷകർ