കോഴിക്കോട്: കാലാവധി കഴിയാൻ നാലു മാസം മാത്രം ശേഷിക്കെ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്ക് എൽ.ഡി.എഫ് സമഗ്രതലത്തിൽ തുടക്കമിട്ടു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള തീവ്രശ്രമം ഒരു വശത്ത് നടത്തുമ്പോൾ തന്നെ പ്രാദേശികാടിസ്ഥാനത്തിൽ കുടംബയോഗങ്ങളും സംഘടിപ്പിച്ചു വരികയാണ്.
ജില്ലയിൽ ആകെ 13 നിയമസഭാ മണ്ഡലങ്ങളുള്ളതിൽ 11 സീറ്റും ഇപ്പോൾ എൽ.ഡി.എഫിനൊപ്പമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ നേട്ടം ഏതാണ്ട് നിലനിറുത്താൻ സാധിച്ചിട്ടുമുണ്ട്. നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം എന്നീ എട്ട് സിറ്റിംഗ് സീറ്റിലും മുസ്ലിം ലീഗിന്റെ കൈയിലുള്ള കുറ്ര്യാടി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലും എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. യു.ഡി.എഫിന് മേധാവിത്വം നേടാനായത് തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലാണ്. വടകരയിൽ കടുത്ത മത്സരമായിരുന്നു.
മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ മൂന്നു മുന്നണിയുടെയും സീറ്റ് സമവാക്യങ്ങളിൽ കാര്യമായ മാറ്റമുണ്ടാവും. യു.ഡി.എഫ് ക്യാമ്പ് വിട്ട് എത്തിയ എൽ.ജെ.ഡിയ്ക്കും കേരള കോൺഗ്രസ് എമ്മിനും സീറ്റുകൾ പങ്ക് വെക്കേണ്ടതുണ്ട് എൽ.ഡി.എഫിന്. വടകര സീറ്റിനായി എൽ.ജെ.ഡി പിടിമുറുക്കിത്തുടങ്ങുമ്പോൾ നേരത്തെ യു.ഡി.എഫിലായിരുന്നപ്പോൾ മത്സരിച്ചിരുന്ന പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയാണ് കേരള കോൺഗ്രസ് എം ആവശ്യപ്പെടുന്നത്.
പാർട്ടിയ്ക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളിൽ കാര്യമായ മെച്ചമുണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും എൽ.ജെ.ഡിക്ക് സീറ്റ് നൽകിയേക്കും. അതേസമയം, കേരള കോൺഗ്രസിന് ഇത്തവണ ഇവിടെ സീറ്റ് നൽകാനിടയില്ല. മലയോര പ്രദേശങ്ങളിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കേരള കോൺഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പിൽ സാധിച്ചിട്ടില്ലെന്നതു തന്നെ കാരണം. ജനതാദൾ എസിനും ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല.
സി.പി.ഐ യുടെ പതിവുസീറ്റായ നാദാപുരം ബാലുശ്ശേരിയുമായി വെച്ചുമാറണമെന്ന നിർദ്ദേശം അണിയറയിൽ ഉയർന്നിട്ടുണ്ട്. കൊടുവള്ളിയിൽ സ്വതന്ത്രൻ കാരാട്ട് റസാഖിന് ഒരു അവസരം കൂടി നൽകണമെന്നാണ് പൊതുവികാരം.
നേരിയ മാർജിന് അകന്നു മാറാറുള്ള കോഴിക്കോട് സൗത്ത് ഇത്തവണ പിടിക്കാൻ പി.ടി.എ റഹീമിനെ രംഗത്തിറക്കാനുള്ള ആലോചന മുറുകുകയാണ്. നിലവിൽ കുന്ദമംഗലം എം.എൽ.എയാണ് റഹിം. എൻ.സി.പിയുടെ മുന്നണിമാറ്റ ചർച്ചകൾ പൂർത്തിയാകുന്നതോടെ മാത്രമെ മന്ത്രി എ.കെ.ശശീന്ദ്രന്റെ എലത്തൂർ കാര്യത്തിൽ വ്യക്തത വരൂ.
മന്ത്രി ടി.പി.രാമകൃഷ്ണൻ, വി.കെ.സി.മമ്മദ്കോയ, ജോർജ് എം.തോമസ് എന്നിവർ ഇത്തവണ മത്സരരംഗത്ത് നിന്ന് മാറി നിന്നേക്കും. തുടർഭരണസാദ്ധ്യത കൂടുതൽ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മൂന്നു തവണ കോഴിക്കോട് നോർത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട എ. പ്രദീപ്കുമാറിന് ഇക്കുറിയും സീറ്റ് നൽകണമെന്ന അഭിപ്രായമുണ്ട് പാർട്ടിയ്ക്കുള്ളിൽ. എന്നാൽ, ലോകസഭാ തിരഞ്ഞെടുപ്പിൽ എം.കെ.രാഘവനോട് വൻതോൽവി നേരിടേണ്ടി വന്നത് അദ്ദേഹത്തിനുള്ള ഈ സാദ്ധ്യതയ്ക്ക് മങ്ങലേല്പിക്കുന്നുമുണ്ട്. കൊയിലാണ്ടിയിൽ കെ. ദാസന്റെ കാര്യത്തിലും സമാന സാഹചര്യമാണുള്ളത്.
കോഴിക്കോട് നോർത്തിലെ ബി.ജെ.പി മുന്നേറ്റത്തെ സി.പി.എം ഗൗരവത്തോടെ കാണുന്നുണ്ട്.
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന. യുവനേതാക്കളിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് എന്നിവർ പരിഗണിക്കപ്പെട്ടേക്കും.