കോഴിക്കോട്:കായിക മേളകൾ നടത്താൻ സർക്കാർ അനുമതി നൽകാത്തതിൽ കായിക താരങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് കെ.പി.സി.സി ദേശീയ കായിക വേദി. കായിക മേളകൾ അനിശിചിതത്വത്തിലായത് സ്‌കൂൾ, കോളേജ് തലത്തിലെ കായിക താരങ്ങൾക്ക് ഗ്രേസ് മാർക്കും പ്രവേശനവും നഷ്ടമാകും. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിലും ദേശീയ, ഇന്റർ യൂണിവേഴ്‌സിറ്റി, ഇന്റർ കോളേജ് മൽസരങ്ങളിൽ പങ്കെടുക്കുന്നവർക്കും മെഡൽ നേടുന്നവർക്കും സ‌ർവകലാശാല പരീക്ഷകളിലും ഗ്രേസ് മാർക്കിന് അർഹതയുള്ളതാണ്. മാർച്ച് 31 വരെയുള്ള മത്സര ഫലമാണ് മുൻ വർഷങ്ങളിൽ ഗ്രേസ് മാർക്കിനും അഡ്മിഷനും പരിഗണിച്ചിരുന്നെങ്കിൽ കൊവിഡ് പശ്ചാത്തലത്തിൽ മേയ് 31 വരെ നീട്ടി നൽകണം. മുൻ വർഷങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് ഉറപ്പിച്ചവർക്ക് അതു ലഭിക്കാൻ ഇത്തവണ ജില്ലാ തലത്തിലെങ്കിലും മത്സരിക്കണമെന്ന നിബന്ധന കൊവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കണമെന്നും കെ.പി.സി.സി ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് റിയാസ് അടിവാരം ആവശ്യപ്പെട്ടു.