കൽപ്പറ്റ: ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികൾ നടപ്പിലാക്കുമെന്ന് ചെയർമാൻ കെയംതൊടി മുജീബ് പറഞ്ഞു. വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച് മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൗൺ നവീകരണവും നഗരസൗന്ദര്യവൽക്കരണവും വേഗത്തിലാക്കും. ഫെബ്രുവരി 15ന് ടൗൺ നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തീകരിക്കും. രണ്ടാംഘട്ടം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. റോഡിന്റെ ഇരുഭാഗങ്ങളിലും പൂച്ചെടികളാൽ അലങ്കരിക്കും. ഹരിതകർമ്മ സേനയുടെ പ്രവർത്തനം ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കും. മാലിന്യശേഖരണ പരിഹാരത്തിനായി ശാസ്ത്രീയ വെയ്സ്റ്റ് മേനേജ്‌മെന്റ് പദ്ധതികൾ നടപ്പാക്കും. ട്രാഫിക് ജംഗ്ഷൻ മുതൽ കൈനാട്ടി ജനറൽ ആശുപത്രി വരെയുള്ള നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്തിക്കാനും ആവശ്യത്തിന് അനുസരിച്ച് പുനസ്ഥാപിക്കാനും നഗരത്തിൽ കാമറ സ്ഥാപിക്കാനും നടപടിയെടുക്കും. നഗരത്തിലെ തിരക്കൊഴിവാക്കാനായി ബൈപ്പാസ് റോഡിന് പ്രത്യേക പരിഗണനയോടൊപ്പം സൗന്ദര്യവൽക്കരണവും നടത്തും.

ടൗണിൽ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കും. അവശ്യസേവനങ്ങൾക്കായി പൊതുജനങ്ങൾ കൂടുതൽ തവണ ഓഫിസിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനും പൊതുജനങ്ങൾക്ക് അവരുടെ സേവനം സമയബന്ധിതമായി ഉറപ്പ് വരുത്താനുമായി പൗരാവകാശരേഖ പുനപ്രസിദ്ധീകരിക്കും.
കൽപ്പറ്റയിൽ ടൂറിസ്റ്റുകളെ ഉൾപ്പെടെ ആകർഷിക്കുന്ന തരത്തിൽ പാർക്ക് നിർമിക്കും. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും പദ്ധതി നടപ്പിലാക്കും. ടൗൺഹാൾ പുതുക്കി പണിയും. ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കും. 10,12 പൊതുപരീക്ഷകളിൽ 100 ശതമാനം വിജയത്തിനായി പ്രത്യേക പരിശീലന പരിപാടികൾ നടപ്പാക്കും.

പരിപാടിയിൽ കൗൺസിലർമാരായ അഡ്വ. ടി.ജെ.ഐസക്, അഡ്വ. എ.പി.മുസ്തഫ എന്നിവർ പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും ട്രഷറർ എ.പി.അനീഷ് നന്ദിയും പറഞ്ഞു.