suplyco
വടകര സപ്ലൈക്കോഗോഡൗണിൽ തീപിടുത്തത്തിനു ശേഷം

വടകര: ലോകനാർകാവ് ക്ഷേത്രത്തിനു സമീപം സപ്ലൈകോ ഗോഡൗണിൽ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെയാണ് ഗോഡൗണിൽ നിന്നും തീ പടരുന്നത് പ്രദേശത്തുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് വടകര, നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നുള്ള 5 യൂണിറ്റ് ഫയർഫോഴ്സ് എത്തുകയും മണിക്കൂറുകളുടെ പ്രയത്നത്തിൽ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.ഷോർട്ട് സർക്യൂട്ടാണ് തീപടരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ വ്യക്തിയുടെ വാടകകെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്.

വടകര താലൂക്കിലെ നാല്‍പതോളം മാവേലി സ്റ്റോറുകളിലേക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന സ്റ്റേഷനറി സാധനങ്ങളും മസാല പൊടികൾ, വെളിച്ചെണ്ണ, എണ്ണ, ഓയിൽ, ഹോർലിക്സ് തുടങ്ങി ഹിന്ദുസ്ഥാൻ ലിവറിന്റേതടക്കം ഒരു കോടിയോളം രൂപ വിലവരുന്ന ഉത്പന്നങ്ങളും കത്തി നശിച്ചു.

കൂടാതെ സർക്കാരിന്റെ ഭക്ഷ്യകിറ്റിലേക്കുള്ള സാധനങ്ങളുമായി ഒരു കോടിയുടെ ഭക്ഷ്യ വസ്തുക്കളും ഇവിടെ ഉണ്ടായിരുന്നു.

എണ്ണയ്ക്കും ഓയിലിനും തീ പിടിച്ചത് തീ പടരുന്നതിന് ആക്കം കൂട്ടി. ജില്ലാ ഫയർ ഓഫീസർ രജീഷ്, സ്റ്റേഷൻ ഓഫീസർമാരായ മനോജ് കുമാർ, വാസിദ്, ആനന്ദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.