മുക്കം: നഗരസഭ നടപ്പാക്കുന്ന പദ്ധതികൾ ഗുണഭോക്താക്കളിൽ വേഗത്തിൽ എത്തിക്കാനും സമയബന്ധിതമായി നടപ്പാക്കാനും മുക്കം നഗരസഭയിൽ "മിഷൻ 90" പദ്ധതിക്ക് തുടക്കമായി. അപേക്ഷകൾ പരിശോധിച്ച് ഗുണഭോക്താക്കളെ കണ്ടെത്താനും മുൻഗണനാ ലിസ്റ്റ് തയ്യാറാക്കി ആനുകൂല്യം നൽകാനും സമയക്രമം നിശ്ചയിച്ചാണ് മിഷൻ 90 നടപ്പാക്കുന്നത്. 15 പദ്ധതികൾക്ക് ഇതുപ്രകാരം അപേക്ഷ ക്ഷണിച്ചു. പൊതു വിഭാഗത്തിൽ ബയോഗ്യാസ് പ്ലാന്റ്, റിംഗ് കമ്പോസ്റ്റ്, മുട്ടക്കോഴി വളർത്തൽ,കിണർ റീ ചാർജിംഗ്, ശുചിത്വ ടോയ്ലറ്റ് എന്നീ പദ്ധതികൾക്കും എസ്.സി വിഭാഗക്കാർക്ക് പശുവളർത്തൽ, ഭവന പുനരുദ്ധാരണം, പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം എന്നിവയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ കൗൺസിലർമാർ മുഖേനയോ നേരിട്ടോ ജനുവരി 15 നകം നൽകണം. 25നുള്ളിൽ പരിശോധന പൂർത്തിയാക്കി നിർവഹണം ആരംഭിക്കും. അഭിമുഖം ആവശ്യമുള്ള പദ്ധതികളുടെ കാര്യത്തിലും ഈ കാലയളവിൽ തിരുമാനമെടുക്കും. സർക്കാരിന്റെ വിവിധ ഏജൻസികളുടെ പദ്ധതികൾ സംബന്ധിച്ച് നഗരസഭ കൗൺസിലർമാർക്ക് ഏകദിന പരിശീലനവും നടത്തി. പദ്ധതികളുടെ അപേക്ഷ ഫോറങ്ങളും വിവരങ്ങളും കൗൺസിലർമാർക്ക് കൈമാറി. ഇ.എം.എസ് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ "മിഷൻ 90 " പദ്ധതി നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി,എം.മധു, ഫാത്തിമ കൊടപ്പന,എം.ടി.വേണുഗോപാലൻ, എ.കല്യാണികുട്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ ഹരീഷ് സ്വാഗതവും കൗൺസിലർ ഇ.സത്യനാരായണൻ നന്ദിയും പറഞ്ഞു.