ela
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിനായി അനുവദിച്ച ഇലക്ട്രിക് കാറുകൾക്ക് വയനാട് കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൽപ്പറ്റ: ജില്ലയിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന് പരിശോധനകൾ കാര്യക്ഷമമാക്കാൻ 3 ഇലക്ട്രിക് കാറുകൾ കൂടി മോട്ടോർ വാഹന വകുപ്പ് നിരത്തിലിറക്കി. എൻഫോഴ്സ്‌മെന്റ് വിഭാഗത്തിനായി പുതിയതായി അനുവദിച്ച ഇലക്ട്രിക് കാറുകൾ കളക്ട്രേറ്റിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ നിരത്തുകളിൽ പരിശോധനയ്ക്കായി ഈ വാഹനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി എൻഫോഴ്സ്‌മെന്റ് വിഭാഗം സംസ്ഥാനത്ത് 65 ടാറ്റ നെക്സൺ വാഹനങ്ങളാണ് പുതിയതായി നിരത്തിലിറക്കുന്നത്. ഇതിൽ മൂന്നെണ്ണമാണ് ജില്ലയ്ക്ക് അനുവദിച്ചത്.
വാഹനങ്ങൾ ചാർജ്ജ് ചെയ്യുതിനായി കൽപ്പറ്റ ആർ.ടി.ഒ ഓഫീസിൽ രണ്ട് ചാർജ്ജിങ് പോയിന്ററുകളും സുൽത്താൻ ബത്തേരി സബ്. ആർ.ടി.ഒ ഓഫീസിൽ ഒരു ചാർജ്ജിങ് പോയിന്റും സ്ഥാപിച്ചിട്ടുണ്ട്. മാനന്തവാടിയിലും ചാർജ്ജിങ് പോയിന്റ് സ്ഥാപിക്കുന്നുണ്ട്. ഓഫ് റോഡ് ചെക്കിങ്ങിനും ഉതകുന്ന രീതിയിലാണ് വാഹനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
ചടങ്ങിൽ ജില്ലാ ആർ.ടി.ഒ എസ്. മനോജ്, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എൻ.തങ്കരാജൻ, കൽപ്പറ്റ ജോയിന്റ് ആർ.ടി.ഒ സാജു.എ.ബക്കർ തുടങ്ങിയവർ പങ്കെടുത്തു.