കോഴിക്കോട്: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ.രാമചന്ദ്രൻ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ച മൂന്നിന് കോഴിക്കോട്ട് മേയ്‌ത്ര ആശുപത്രിയിലായിരുന്നു അന്ത്യം.
കക്കോടിയിൽ മകന്റെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു. സംസ്‌കാരം ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കക്കോടിയിലെ വീട്ടുവളപ്പിൽ നടന്നു.
ആറു തവണ നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 27 വർഷം സാമാജികനായിരുന്നു. 1995 - 96 കാലത്ത് എ.കെ. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രിയും 2004 - ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയുമായി. 2006 ജനുവരി 14 ന് രാജിവച്ചു. കണ്ണൂർ ചൊക്ലി നിടുമ്പ്രം കണ്ണങ്കോട്ട് കൊട്ടാരത്തിൽ നാരായണൻ നമ്പ്യാരുടെയും രുഗ്മിണിയുടെയും മകനായി 1936 ഡിസംബർ 19-നാണ് ജനനം.
ചൊക്ലി ഓറിയന്റൽ യു.പി സ്‌കൂളിലും വയനാട് പൂതാടി അരിമുള യു.പി സ്‌കൂളിലും അദ്ധ്യാപകനായിരുന്നു. 1971-ൽ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായി. വയനാട് ജില്ലയുടെ രൂപീകരണകാലം മുതൽ അവിടെ കേന്ദ്രീകരിച്ചായി പ്രവർത്തനം. 1980, 82, 87 വർഷങ്ങളിൽ സുൽത്താൻ ബത്തേരിയിൽ നിന്നും 91, 96, 2001 തിരഞ്ഞെടുപ്പുകളിൽ കൽപറ്റയിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി. 2006-ൽ പരാജയപ്പെട്ടു.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2011-ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ചുമതലയൊന്നുമുണ്ടായിരുന്നില്ല.
ഭാര്യ: പത്മിനി. മക്കൾ: സുനിൽ (ഗുരുവായൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ), പ്രദീപ്കുമാർ, മഹേഷ് (ഇരുവരും ബിസിനസ്). മരുമക്കൾ: മഞ്ജുഷ (എച്ച്.ഡി.എഫ്.സി ബാങ്ക്, ഗുരുവായൂർ), ഷീജ (അദ്ധ്യാപിക, പി.വി.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, എരഞ്ഞിക്കൽ), ലാവണ്യ.