കുറ്റ്യാടി: കൊവിഡ് കാലത്ത് വീട്ടമ്മ നിർമ്മിച്ച കലാരൂപങ്ങൾ കുറ്റ്യാടി ഗവ: ആശുപത്രിയിലെ മനംകുളിരുന്ന കാഴ്ചയാകും. കായക്കൊടി പഞ്ചായത്ത് പാലോളിയിലെ റിറ്റു ശ്രീജിത്താണ് ഓൺലൈൻ സഹായത്താൽ ബോട്ടിലിൽ നിർമ്മിച്ച കലാരൂപങ്ങൾ ആശുപത്രിക്ക് കൈമാറിയത്.
കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ മികവാർന്ന ചികിൽസാ രീതികളും കായകൽപ്പം മത്സരത്തിൽ സംസ്ഥാന തലത്തിൽ തിരഞ്ഞെടുത്ത രണ്ട് ആശുപത്രികളിൽ ഒന്നാണെന്നും മനസിലാക്കിയതോടെയാണ് ആദ്യമായി നിർമ്മിച്ച കലാരൂപങ്ങൾ ആശുപത്രിക്ക് നൽകാൻ തീരുമാനിച്ചത്. നിപ്പ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനി, ആരോഗ്യമന്ത്രി കെ.കെ ശൈലജ തുടങ്ങിയവരെ അടയാളപ്പെടുത്തിയ ബോട്ടിൽ കലാരൂപങ്ങളും മറ്റ് ശിൽപ്പങ്ങളുമാണ് ആശുപത്രിക്ക് നൽകിയത്. കലാരൂപ നിർമ്മാണത്തിന് നല്ലപിന്തുണ ലഭിച്ചതോടെ ബോട്ടിൽ ആർട്ട് തുടരാൻ തന്നെയാണ് ഈ വീട്ടമ്മയുടെ തീരുമാനം
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, കുറ്റ്യാടി താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ. ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഒ ദിനേശൻ എന്നിവർ ചേർന്ന് കലാരൂപങ്ങൾ ഏറ്റുവാങ്ങി.