കുറ്റ്യാടി: അരനൂറ്റാണ്ടായി പുതുവർഷ തുടക്കത്തിൽ കിഴക്കൻ മലയോരവാസികൾക്ക് ആഘോഷ നാളുകൾ സമ്മാനിച്ച കുറ്റ്യാടി ചന്ത (കാർണ്ണിവൽ) ഇത്തവണ ഓർമ്മ മാത്രമായി. കുറ്റ്യാടി നടോൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് 1967ൽ കുറ്റ്യാടി ചന്ത ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ കാർഷിക സമൃദ്ധിയുടെ ഭാഗമായി കന്നുകാലികളെയും ഉരുക്കളെയും ചന്ത പറമ്പിൽ എത്തിച്ച് മാറ്റവും വിൽപ്പനയും നടത്തിയിരുന്നു. അന്യദേശങ്ങളിൽ നിന്നെത്തുന്ന കച്ചവടക്കാർ വള, കമ്മൽ, മാല, ബലൂൺ തുടങ്ങിയ ഫാൻസി വസ്തുക്കളും പൊരി, ഹൽവ, മുറുക്ക് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും കാർഷിക ഉപകരണങ്ങളും ചന്ത പറമ്പിൽ വിറ്റഴിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കന്നുകാലികളെ വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ചുവെങ്കിലും വിജ്ഞാന- കൗതുക ഉപകരണങ്ങൾ,കലാപരിപാടികൾ, മറ്റ് കച്ചവടങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി കുറ്റ്യാടി കാർണ്ണിവെല്ലായി തുടരുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് കുറ്റ്യാടി കാർണിവല്ലിന് ഓരോ വർഷവും എത്തിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷം കാർണിവൽ ഒഴിവാക്കുകയായിരുന്നു. കുറ്റ്യാടിയിലെ വ്യാപാരി വ്യവസായി സമൂഹത്തിന് ഇതിലൂടെ വലിയ നഷ്ടമാണ് ഉണ്ടായത്. നടോൽ ക്ഷേത്രോത്സവം പാരമ്പര്യ ആചാരാനുഷ്ഠാന ചടങ്ങുകളായി നടത്തുകയായിരുന്നു.