കോഴിക്കോട്: പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് നിരോധനം ഏർപ്പെടുത്തി ഒരു വർഷം തികയുംമുമ്പേ നിരോധനം കടലാസിൽ മാത്രമായി. 2020 ജനുവരിയിലാണ് പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനമേർപ്പെടുത്തിയത്. ഇതോടെ തുണിസഞ്ചികളുടെ ഉപയോഗം വ്യാപകമായി. പ്ലാസ്റ്റിക് ബാഗിനെതിരെ ശക്തമായ നടപടിയുമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗം രംഗത്തെത്തിയതും കച്ചവട സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയതും പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കി. മിക്ക കടകളും പ്ലാസ്റ്റിക് കവറുകൾ നൽകുന്നതും നിർത്തിയിരുന്നു. ഉപഭോക്താക്കൾ തുണി സഞ്ചി കൊണ്ടുവന്ന് സാധനങ്ങൾ വാങ്ങുന്ന ശീലവും പതിവാക്കി. എന്നാൽ കൊവിഡും ലോക്ക് ഡൗണും പ്ലാസ്റ്റിക് സഞ്ചികളെ തിരിച്ചെത്തിച്ചിരിക്കുന്നു. ഒരു വർഷത്തിനിടെ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ വീടും വിപണിയും കൈയടക്കി കഴിഞ്ഞു. ലോക്ക് ഡൗണിന് ശേഷം തെരുവോര കച്ചവടങ്ങൾ വർദ്ധിച്ചത് നിരോധിത പ്ലാസ്റ്റിക്കുകൾ വീടുകളിലെത്താൻ പ്രധാന വഴിയൊരുങ്ങി. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പരിശോധനകൾ നിലച്ചതോടെ ഉൾവലിഞ്ഞിരുന്ന പ്ലാസ്റ്റിക് കൂടുകൾ വീണ്ടും കടകളിലെത്തി. പ്ലാസ്റ്റിക്ക് കവറിനൊപ്പം പേപ്പർ ഇല, മറ്റ് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും നിരോധിച്ചിരുന്നു. എന്നാൽ ഇവയെല്ലാം വ്യാപാര സ്ഥാപനങ്ങളിൽ ഇപ്പോൾ സുലഭമാണ്. കടകളിൽ നിന്ന് പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ നൽകുന്നതിനും കച്ചവടക്കാർക്ക് മടിയില്ല. പേപ്പർ, പാള, ഇല എന്നിവയിൽ തീർത്ത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങൾ ഉണ്ടായിരിക്കെയാണ് നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് സ്ട്രോകൾക്ക് പകരം പേപ്പറിൽ നിർമിച്ച സ്ട്രോയിലേയ്ക്ക് കൂൾബാറുകളും ഹോട്ടലുകളുമൊക്കെ മാറിയിരുന്നു. എന്നാൽ ഇപ്പോഴെല്ലാം പഴയപടിയായി.