മുക്കം: കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ സംസ്ഥാന പാതയോട് ചേർന്ന് അപകടകരമാം വിധം കുന്നിടിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുക്കം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.കുന്നിന്റെ പകുതി ഭാഗം കരിങ്കൽ ക്വാറി കവർന്നെടുത്തു. മറുപകുതിയിലാണ് അഞ്ചേക്കറോളം സ്ഥലത്ത് അനധികൃതമായി കുന്നിടിക്കൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും നടക്കുന്ന കുന്നിടിക്കലിനെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ കളക്ടർ, കാരശ്ശേരി പഞ്ചായത്ത്, കക്കാട് വില്ലേജ് അധികൃതർ തയ്യാറാകണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു. പരിഷത്തിന്റെ പരിസര വിഷയ സമിതി ജില്ലാ കൺവീനർ വിജീഷ് പരവരി, മുക്കം മേഖല കൺവീനർ അഡ്വ.പി. കൃഷ്ണകുമാർ ,ബോബി ജോസഫ്, സി.ദേവരാജൻ, പി.പി.രവീന്ദ്രൻ, പി.എൻ.അജയൻ, എം.മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു.