img20210107
അകാലമഴയിൽ വെള്ളത്തിലായ നെൽകൃഷി

മുക്കം /തലക്കളത്തൂർ: അപ്രതീക്ഷിതമായി പെയ്ത മഴ കർഷകരെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ ദിവസം നീണ്ട ഇടിയോടെ പെയ്ത കനത്ത മഴയിൽ പലയിടത്തെയും നെൽപ്പാടങ്ങളും പച്ചക്കറി കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി.കൊയ്‌ത്തിനായി വിളഞ്ഞു നിൽക്കുന്ന നെല്ലാണ് വെള്ളത്തിൽ മുങ്ങിയത്. ചില വയലുകളിൽ കൊയ്ത്ത് ആരംഭിച്ചതുമാണ്. കൊടിയത്തൂർ, ചേന്ദമംഗല്ലൂർ മേഖലയിൽ മാത്രം ഏക്കർ കണക്കിന് വയലാണ് വെള്ളത്തിലായത്. വെള്ളത്തിൽ നിന്ന് നെല്ല് കൊയ്തെടുക്കുക പ്രയാസമാണ്. മാത്രമല്ല കൊയ്യുമ്പോൾ നെൽമണികൾ ഉതിർന്നു പോവും. വെളളത്തിൽ കുതിർന്ന നെല്ല് മുളച്ചു പോകുകയും ചെയ്യും. ഭൂകാണ്ഡ കൃഷിക്കാരും കഷ്ടത്തിലാണ്. ചെറുവാടിയിലെ വയലുകളിൽ നട്ടുകൊണ്ടിരിക്കുന്ന ഞാറുകളും വെളളത്തിലായിട്ടുണ്ട്.

തലക്കളത്തൂർ എടക്കര തുണുമണ്ണിൽ ഭാഗത്ത് കനത്ത മഴയിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 25 എക്കറിലധികം വരുന്ന സ്ഥലത്ത് പാകമായി പൂവിട്ടു വരുന്ന പയർ, ചീര, മത്തൻ, കാബേജ്, കൈപ്പ തുടങ്ങിയവയാണ് വെള്ളം കയറി നശിച്ചത് എം.കെ.പ്രസാദ്, കെ.കെ. സുരേഷ് ബാബു , ആർ.പ്രകാശൻ, വി.പി.ജയരാജൻ, ചന്ദ്രൻ നായർ എം.കെ.പുരുഷു, എം.കെ.ആണ്ടിക്കുട്ടി, എം.കെ. സിദ്ധാർത്ഥൻ തുടങ്ങിയ കർഷകരുടെ സ്വപ്നങ്ങളാണ് വെള്ളത്തിലായത്. ഒാരോ കർഷകനും 50,000 മുതൽ ഒന്നര ലക്ഷം വരെ ചെലവായിട്ടുണ്ട്.സ്ഥലം പാട്ടത്തിനെടുത്താണ് ഇവർ കൃഷിയിറക്കിയിരുന്നത്. കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രോമോഷൻ കൗൺസിൽ കോഴിക്കോട് അസി.മാനേജർ അനുശ്രീ .വി, തലക്കളത്തൂർ കൃഷി ഓഫീസർ ദീപ, ആർ.ബിനീഷ് തുടങ്ങിയവർ സന്ദർശിച്ചു.