കോഴിക്കോട്: വഴിയോരത്തെ ഓവുചാലിൽ വീണ് ഹോട്ടൽ തൊഴിലാളി മരിച്ച കേസിൽ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ രണ്ടാം അഡീഷണൽ സബ് കോടതി ഉത്തരവായി. പൊതുമരാമത്ത് വകുപ്പാണ് നഷ്ടപരിഹാരം നൽകേണ്ടത്.
ഹോട്ടലിൽ പാചകക്കാരനായിരുന്ന കോട്ടൂളി പുതിയ പറമ്പത്ത് സതീശനെ 2017 ജൂലായ് 23 നാണ് കോട്ടൂളിയിലെ കെ.ടി ഗോപാലൻ റോഡിൽ ഓവുചാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ശക്തമായ മഴ കാരണം റോഡും ഓവുചാലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ നിറഞ്ഞൊഴുകുകയായിരുന്നു. ഓവുചാൽ സ്ളാബിട്ട് മൂടാത്തതിനാൽ അബദ്ധത്തിൽ വീണ് അന്ത്യം സംഭവിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാണിച്ച് സതീശന്റെ ഭാര്യയും മകളും പ്രായം ചെന്ന അമ്മയും ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് വിധി.
സതീശൻ മദ്യപിച്ച് ലക്ക് കെട്ട് ഓവുചാലിൽ വീണ് മരിച്ചതാണെന്ന പൊതുമരാമത്ത് വകുപ്പിന്റെ വാദം കോടതി തള്ളുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്നല്ലാതെ മദ്യപിച്ചതായി സൂചിപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സതീശൻ സാധാരണ പോലെ രാത്രി പത്തരയോടെ നടന്നു പോകുന്നതായി കണ്ടുവെന്ന സാക്ഷിമാെഴിയും ഇതിന് ബലമേകി.
ജൂലായ് 22ന് രാത്രി ശക്തമായ മഴ പെയ്തിട്ടില്ലെന്നിരിക്കെ റോഡും ഓവുചാലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ ഇല്ലായിരുന്നുവെന്നും സതീശന്റെ അശ്രദ്ധകൊണ്ടാണ് മരണം സംഭവിച്ചതെന്നുമുള്ള വാദവും കോടതിക്ക് സ്വീകാര്യമായില്ല. അന്ന് ശക്തമായ മഴയുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
നഷ്ടപരിഹാരമായി 31. 90 ലക്ഷം രൂപയാണ് കോടതി കണക്കാക്കിയത്. ഇത് 32 ലക്ഷമായി നിജപ്പെെടുത്തി. അനിഷ്ടസംഭവത്തിനു പിറകെ രണ്ട് ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു. ഈ തുക കിഴിച്ച് 30 ലക്ഷം രൂപ മൂന്ന് പേർക്കും തുല്ല്യമായി നൽകാനാണ് വിധി. മൈനറായ കുട്ടിയുടെ വിഹിതം ബാങ്കിൽ നിക്ഷേപിക്കണം.
അപകടം നടന്ന തിയതി മുതൽ ആറ് ശതമാനം പലിശയും നൽകണം. ഹർജിക്കാർക്ക് വേണ്ടി അഡ്വ. എ.ബി രാജീവ് ഹാജരായി.