enews
കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് മുന്നോടിയായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടത്തിയ ഡ്രൈ റൺ

കോഴിക്കോട്: കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പിന് മുന്നോടിയായി ജില്ലയിൽ ഇന്നലെ നടന്ന രണ്ടാംഘട്ട ഡ്രൈ റണും (മോക്ക് ഡ്രിൽ) വിജയകരം. ബീച്ച് ഗവ. ജനറൽ ആശുപത്രി, സി.എച്ച്.സി തലക്കുളത്തൂർ, എഫ്.എച്ച്.സി പുതിയാപ്പ, എഫ്.എച്ച്.സി പെരുമണ്ണ, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടന്നത്. രാവിലെ 9 മണി മുതൽ 11 മണിവരെയായിരുന്നു ഡ്രൈ റൺ. അഞ്ച് കേന്ദ്രങ്ങളിലായി 94 ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. കൊവിഡ് വാക്‌സിൻ വിതരണത്തിലെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായിരുന്നു കൂടുതൽ കേന്ദ്രങ്ങളൊരുക്കി രണ്ടാമതും ഡ്രൈ റൺ സംഘടിപ്പിച്ചത്.

ഓരോ സെന്ററിലും വെയ്റ്റിംഗ് മുറി, വാക്‌സിനേഷൻ മുറി, ഒബ്‌സർവേഷൻ മുറി എന്നിങ്ങനെ ക്രമീകരിച്ചിരുന്നു. നാലു വാക്‌സിനേഷൻ ഓഫീസർമാർ, ഒരു സൂപ്പർവൈസർ, ഒരു വാക്‌സിനേറ്റർ, മെഡിക്കൽ ഓഫീസർ എന്നിവർ അടങ്ങിയതായിരുന്നു ഡ്രൈ റൺ സെന്ററിലെ പ്രവർത്തകർ. സിറിഞ്ചിലെ വാക്‌സിൻ ഒഴികെ ബാക്കി നടപടി ക്രമങ്ങളെല്ലാം ആവിഷ്‌കരിച്ചു. വാക്‌സിനായി രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് മൊബൈൽ ഫോണിൽ കുത്തിവയ്‌പ്പെടുക്കാൻ വെള്ളിയാഴ്ച ഹാജരാവണമെന്ന സന്ദേശം ലഭിച്ചിരുന്നു.

ഒന്നാം വാക്‌സിനേഷൻ ഓഫീസർ ലിസ്റ്റ് ചെയ്ത ആരോഗ്യ പ്രവർത്തകർ രണ്ടാം വാക്‌സിനേഷൻ ഓഫീസറുടെ അടുത്ത് ഐഡി പരിശോധന നടത്തുന്നതാണ് ആദ്യഘട്ടം. ശേഷം കുത്തിവയ്പ്പ് മുറിയിൽ പ്രവേശിച്ച് വാക്‌സിനേഷൻ സ്വീകരിച്ച് അര മണിക്കൂർ നിരീക്ഷണത്തിൽ ഇരിക്കും. അസ്വസ്ഥത എന്തെങ്കിലും അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ നൽകുന്നതിനായി ആംബുലൻസ് അടക്കമുളള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. കൂടാതെ എമർജൻസി അലർട്ട് നമ്പരും അടുത്ത വാക്‌സിനേഷൻ തീയതിയും ഇവരെ ധരിപ്പിച്ചു.

ജില്ലയിൽ വാക്‌സിനായി കൊവിൻ പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 34055 ആരോഗ്യ പ്രവർത്തകരാണ്. ജനറൽ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ വി, ആർ. സി. എച്ച് ഓഫീസർ ഡോ.മോഹൻദാസ് ടി , ആശുപത്രി സൂപ്രണ്ട് ഡോ.ഉമ്മർ ഫാറൂഖ് എന്നിവർ ഡ്രൈ റണ്ണിന് നേതൃത്വം നൽകി. മറ്റ് സെന്ററുകളിൽ പ്രോഗ്രാം ഓഫീസർമാരും, മെഡിക്കൽ ഓഫീസർമാരും നേതൃത്വം നൽകി.