കൽപ്പറ്റ: ജില്ലയിൽ കൊവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തത് 7568 ആരോഗ്യപ്രവർത്തകർ. സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ആശാ വർക്കർമാർ എന്നിവരാണ് ആദ്യ ഘട്ടത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുക.
ദന്തൽ ക്ലിനിക്കുകൾ, ആയുർവേദ ആശുപത്രി ജീവനക്കാർ തുടങ്ങിയവരും വാക്സിനേഷനിൽ പങ്കാളികളാവും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക അറിയിച്ചു.
വാക്സിൻ സംഭരണത്തിനായി കൽപ്പറ്റ പഴയ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വാക്സിൻ സ്റ്റോർ സജ്ജമാണ്. അധിക വാക്സിനുകൾ സംഭരിക്കുന്നതിനായി പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കും. വാക്സിനേഷന് ആവശ്യമായ കോൾഡ് ചെയിൻ സാധനങ്ങൾ, ഐ.എൽ.ആർ, വാക്സിൻ കാരിയറുകൾ, കോൾഡ് ബോക്സ്, ഐസ്പാക്ക് എന്നിവയും ലഭ്യമാണ്.
കൊവിഡ് വാക്സിനേഷനു മുന്നോടിയായി രണ്ട് ഘട്ടങ്ങളിലായിലായി ഡ്രൈ റൺ നടന്നു. ആദ്യ ഘട്ടത്തിൽ കുറുക്കൻമൂല പി.എച്ച്.സി യിലും, രണ്ടാം ഘട്ടത്തിൽ മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രം, ഡി.എം. വിംസ് ഹോസ്പിറ്റൽ, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും നടന്നു. ജില്ലയിലെ ആരോഗ്യ പ്രവർത്തകരിൽ നിന്നുള്ള രജിസ്‌ട്രേഷൻ നടപടികൾ വരും ദിവസങ്ങളിൽ തുടരും.
വാക്സിനേഷൻ ഇങ്ങനെ
ജില്ലയിലെത്തുന്ന വാക്സിൻ സൂക്ഷിക്കാൻ പ്രത്യേക ശീതീകരണ സംവിധാനം സജ്ജീകരിക്കും. വാക്സിനേഷനായി കേന്ദ്രങ്ങളിലെത്തുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയതിന് ശേഷം ഒന്നാം വാക് സിനേഷൻ ഓഫീസറുടെ മുന്നിൽ തിരിച്ചറിയൽ രേഖയുമായി എത്തണം. തിരിച്ചറിയൽ രേഖ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം രണ്ടാം വാക്സിനേഷൻ ഓഫീസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാം വാക് സിനേഷൻ ഓഫീസർ വാക്സിനേഷൻ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങൾ കൊവിഡ് പോർട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും.
മൂന്നാം വാക്സിനേഷൻ ഓഫീസർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ എത്തിയ ആൾക്ക് വാക്സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി പ്രതിരോധ കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ആളുടെ വിവരങ്ങൾ കൊവിഡ് പോർട്ടലിൽ രേഖപ്പെടുത്തും. വാക്സിനേഷൻ മുറിക്ക് പുറത്തെത്തിയ ആളെ പ്രത്യേകം സജ്ജമാക്കിയ നിരീക്ഷണ മുറിയിലേക്ക് മാറ്റും. കുത്തിവെപ്പിന് ശേഷം അസ്വസ്ഥതകൾ ഉണ്ടായാൽ അടിയന്തര പരിചരണത്തിനായുള്ള ക്രമീകരണങ്ങളും വാക് സിനേഷൻ കേന്ദ്രത്തിൽ ഒരുക്കും.
രണ്ടാം ഘട്ട ഡ്രൈ റണ്ണും വിജയകരം
രണ്ടാംഘട്ട കൊവിഡ് വാക്സിൻ ഡ്രൈ റൺ ജില്ലയിൽ വിജയകരമായി പൂർത്തിയായി. ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന ഡ്രൈ റണ്ണിൽ ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതം പങ്കെടുത്തു. ബത്തേരി താലൂക്ക് ആശുപത്രി, മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രം, മേപ്പാടി വിംസ് സ്വകാര്യ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 11 മണി വരെയാണ് കുത്തിവെയ്പ് നടന്നത്. ആദ്യഘട്ടത്തിൽ കുറുക്കൻമൂല കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് വിജയകരമായി ഡ്രൈ റൺ നടത്തിയിരുന്നു. കൊവിഡ് വാക്സിനേഷൻ വിതരണത്തിന്റെ മുന്നോടിയായി രാജ്യവ്യാപകമായി നടക്കുന്ന തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ജില്ലയിലും ഡ്രൈ റൺ നടന്നത്.
കോവിഡ് വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് ഡ്രൈറണിനുള്ള 25 പേരെ തിരഞ്ഞെടുത്തത്. രാവിലെ 9 മണിക്കു തന്നെ കുത്തിവയ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കേന്ദ്രങ്ങളിലെത്തിയ എല്ലാവരെയും സാമൂഹിക അകലം പാലിച്ച് കാത്തിരുപ്പു കേന്ദ്രത്തിൽ ഇരുത്തുകയും ഒന്നാം വാക്സിനേഷൻ ഓഫീസർ പട്ടിക പരിശോധിച്ച് രജിസ്റ്റർ ചെയ്ത ആളാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. തുടർന്ന് രണ്ടാം വാക്സിനേഷൻ ഓഫീസർ കോവിഡ് പോർട്ടലിലെ തിരിച്ചറിയൽ രേഖയുമായി വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം വാക്സിനേഷൻ റൂമിലേക്ക് ആളുകളെ കടത്തിവിട്ടു. മൂന്നാം വാക്സിനേഷൻ ഓഫീസർ കുത്തിവയ്പിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ഒരോരുത്തർക്കും നൽകി. തുടർന്ന് കുത്തിവയ്പ് കഴിഞ്ഞവരെ നിരീക്ഷണമുറിയിലേക്ക് മാറ്റി. ഇവിടെ നാലാം വാക്സിനേഷൻ ഓഫീസറുടെ സേവനവും ഒരുക്കിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ തുടർചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകുന്നതിനായി ആംബുലൻസ് സേവനവും കേന്ദ്രങ്ങളിൽ ഉറപ്പുവരുത്തിയിരുന്നു.
സി.എച്ച്.സി മേപ്പാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാഘവൻ അരണമല, ഡി.എം.ഒ ഡോ.ആർ രേണുക, മാസ്സ് മീഡിയ ഓഫീസർ കെ.ഇബ്രാഹിം, എം.സി.എച്ച് ഓഫീസർ ജോളി ജെയിംസ്, ഡോ.ഷാഹിദ് മെഡിക്കൽ ഓഫീസർ, ഡോ. സൈമൺ എന്നിവരും താലൂക്ക് ഹോസ്പിറ്റൽ ബത്തേരിയിൽ ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് ടി.പി, ഡി.പി.എം ഡോ.ബി.അഭിലാഷ് , കൊവിഡ് 19 നോഡൽ ഓഫീസർ ഡോ.ചന്ദ്രശേഖരൻ, ബത്തേരി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സേതുലക്ഷ്മി എന്നിവരും വിംസ് മേപ്പാടിയിൽ ആർ.സി.എച്ച് ഓഫീസർ ഡോ.ഷിജിൻ ജോൺ ആളൂരും വാക്സിനേഷന് നേതൃത്വം നൽകി.