tiger

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ കൊളവള്ളിയിൽ കണ്ടെത്തിയ കടുവയെ തുരത്താനുള്ള ശ്രമങ്ങൾ തുടരുന്നു. രണ്ട് ദിവസം മുമ്പാണ്പ്രദേശത്ത് കടുവയെ കണ്ടത്. തോട്ടത്തിനുള്ളിൽ കഴിയുന്ന കടുവയെ കണ്ടെത്തി തുരത്താൻ വനപാലകരും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.
ബുധനാഴ്ചയാണ് ഇവിടെ കടുവയെ ആദ്യമായി നാട്ടുകാർ കണ്ടത്. സേവ്യംകൊല്ലിയിലായിരുന്നു കടുവയെ ആദ്യം കണ്ടത്. പിന്നീട് സീതാമൗണ്ട് പ്രദേശത്തും കടുവയെത്തി. കഴിഞ്ഞ രണ്ട് ദിവസമായി കൊളവള്ളിയിലെ ദേവാലയ പരിസരത്തുള്ള ചില തോട്ടങ്ങളിലാണ് കടുവ തങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ തുടങ്ങിയ തെരച്ചിൽ രാത്രി വരെ തുടർന്നെങ്കിലും കടുവയെ തുരത്താൻ കഴിഞ്ഞില്ല. രാവിലെ തെരച്ചിലിനിടെ നാട്ടുകാരിൽ ചിലർ കടുവയെ കണ്ടിരുന്നു. ബഹളം കേട്ട് കടുവ ഇവിടെനിന്ന് മാറുകയും ചെയ്തു. കടുവയുടെ സാന്നിദ്ധ്യം ഉറപ്പായതോടെ പ്രദേശവാസികൾ ഭയപ്പാടിലാണ്. കൃഷിയിടങ്ങളിൽ പണിക്കുപോകാൻ പറ്റാത്ത അവസ്ഥയാണ് കർഷകർക്ക്. തൊഴിലുറപ്പ് പണികളും മറ്റും നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്തെ സ്‌കൂളുകളും അടച്ചിട്ടു.

കടുവയുടെ സാന്നിദ്ധ്യം മനസ്സിലാക്കാൻ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. വനപാലകർ നൈറ്റ് പട്രോളിംഗും നടത്തുന്നുണ്ട്. കടുവ കർണാടക വനത്തിൽ നിന്നാണ് ഇവിടെ എത്തിയത്. കൊളവള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കർണാടക വനം.