house-wife-

കോഴിക്കോട്: 'ഓ, ഭാര്യക്ക് ജോലിയൊന്നുമില്ല... വീട്ടമ്മയാണ്. എന്റെ അദ്ധ്വാനം കൊണ്ടാണ് കുടുംബം കഴിയുന്നത് '. ഇമ്മാതിരി ഡയലോഗ് തട്ടിവിടുന്ന ചേട്ടന്മാർ ജാഗ്രതൈ!. കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി വീമ്പുപറയുന്ന കുടുംബനാഥൻമാർക്കുള്ള പ്രഹരം കൂടിയാണ്. ഉദ്യോഗസ്ഥനായ ഭർത്താവിനാണോ വീട്ടമ്മയായ ഭാര്യയ്ക്കാണോ മൂല്യം കൂടുതലെന്ന തർക്കത്തിലാണ് പരിഹാരമായിരിക്കുന്നത്. സ്ത്രീകളുടെ വീട്ടുജോലിക്ക് പുരുഷന്മാർ ചെയ്യുന്ന ജോലിയുടെ അത്രതന്നെ മൂല്യമുണ്ടെന്നാണ് കോടതി വിധിയുടെ സാരം. വീട്ടുജോലി സ്ത്രീകൾ മാത്രം ചെയ്യേണ്ട കടമയാണെന്ന് കരുതിപോയ സമൂഹത്തിന് നൽകിയ മറുകുറി കൂടിയാണ് ഈ വിധി.
പാചകം, വീടും പരിസരവും വൃത്തിയാക്കൽ തുടങ്ങി നടുനിവർത്താൻ നേരമില്ലാത്ത വീട്ടമ്മമാർ ഒരു ഭാഗത്ത്. വീട്ടിലെ പണിയെല്ലാം തീർത്ത് ജോലിയ്ക്ക് പോകുന്നവർ വെറെ. ഭർത്താക്കന്മാരെ പോലെ ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും സ്ത്രീകൾക്ക് വിശ്രമിക്കാൻ നേരമുണ്ടാവില്ല. അത്രമാത്രമുണ്ടാകും 'വീട്ടുജോലി' ഇതായിരുന്നു ഇതുവരെ കണ്ട കാഴ്ച . അതിനുള്ള തിരുത്ത് കൂടിയാവുകയാണ് കോടതി വിധി. 2011ലെ സെൻസസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകൾ വീട്ടുജോലി ചെയ്യുന്നവരാണ്. പുരുഷന്മാർ 5.79 ദശലക്ഷം മാത്രം. ഒരു സ്ത്രീ പ്രതിദിനം ശരാശരി 299 മിനിറ്റ് അടുക്കളയിൽ ചിലവിടുമ്പോൾ പുരുഷന്മാർ വെറും 97 മിനിറ്റ് മാത്രം. ലിംഗസമത്വം ഉറപ്പുവരുത്തുന്ന വിധിയെ അനുകൂലിച്ചും പരിമിതികൾ ചൂണ്ടികാട്ടിയും ഇതിനകം പലവിധത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നുകഴിഞ്ഞു. വീട്ടമ്മമാർക്ക് ശമ്പളം കൊടുക്കണമെന്ന് പറയുന്നവർ ഒരുഭാഗത്ത് നിൽക്കുമ്പോൾ നിർബന്ധിച്ച് പണിയെടുപ്പിക്കാനുള്ള അവസരമാകരുതെന്ന് പറയുന്നവരുമുണ്ട്.

''വിധി പ്രായോഗികമാക്കുക പ്രയാസമാണ്. പക്ഷെ, മാറ്റം തീർച്ചയായും വേണം. പ്രതിഫലമില്ല എന്നതുകൊണ്ടാണ് സമൂഹം അതൊരു ജോലിയായി കണക്കാക്കാത്തത്. കൃത്യമായ പ്രതിഫലം നൽകിയാൽ വീട്ടമ്മ എന്നതിനെ ആരും നിസാരവത്കരിക്കില്ല"-

പി.അംബിക, ആക്ടിവിസ്റ്റ്

'രണ്ടുപേരും ഒരുപോലെ പുറത്ത് ജോലിയ്ക്ക് പോയി തിരിച്ചെത്തുമ്പോൾ വീട്ടിലെ പണി സ്ത്രീ ചെയ്യണമെന്ന കാഴ്ചപ്പാട് മാറണം. സഹായിച്ചില്ലെങ്കിലും അടുക്കളയിൽ കൂടെ നിൽക്കാനുള്ള മനസുണ്ടായാൽ മതി."-

സലീമ, ഫാർമസിസ്റ്റ്

''ഭർത്താവുണ്ടായിരുന്നപ്പോൾ ഭർത്താവിനെ ആശ്രയിക്കണമായിരുന്നു. ഇപ്പോൾ മക്കളെ. അവരുടെ അത്രയും തന്നെ ജോലി ദിവസവും ചെയ്തിട്ടും സ്വന്തം ആവശ്യങ്ങൾക്ക് പോലും പണമില്ല. പണം കിട്ടിയില്ലെങ്കിലും ഇതും ജോലിയാണെന്ന് അംഗീകരിച്ചാൽ മതി"-

പ്രസന്ന,വീട്ടമ്മ.