സുൽത്താൻ ബത്തേരി: അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർദ്ധനവ് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പെട്രോളിന് നാല് രൂപയിലധികവും ഡീസലിന് മൂന്ന് രൂപയുമാണ് വർദ്ധിച്ചത്. വില വർദ്ധനവ് സാധാരണക്കാരെയാണ് പ്രത്യേകിച്ച് ഓട്ടോ ടാക്സി മേഖലയെയാണ് കാര്യമായി ബാധിച്ചത്.
2019 നവംബർ ആദ്യവാരം മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മിക്ക ദിവസങ്ങളിലും എണ്ണവില ഉയർന്നു. ഇന്നലെ ജില്ലയിൽ പെട്രോളിന് ലിറ്ററിന് 85.76 രൂപയും ഡീസലിന് 79.72 രൂപയുമാണ്.
സ്വകാര്യവഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുന്നതിനാൽ അധികമാളുകളും ടാക്സി വാഹനങ്ങളെ ആശ്രയിക്കുന്നില്ല. അതിനാൽ തന്നെ ഈ മേഖലയിൽ പണിയെടുക്കുന്നവർ വളരെ ബുദ്ധിമുട്ടിലാണ്.
ഇപ്പോൾ ലഭിക്കുന്ന ഓട്ടത്തിൽ നിന്നുള്ള വരുമാനംകൊണ്ട് ഇന്ധനം നിറച്ചാൽ മിച്ചം വെക്കാൻ ഒന്നുമില്ലാത്ത സ്ഥിതിയാണെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു.
സ്വകാര്യ ബസ് മേഖലയിൽ പണിയെടുക്കുന്നവരുടെ അവസ്ഥയും ഇതുതന്നെയാണ്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് പതുക്കെ കരകയറി വരുന്ന മോട്ടോർ മേഖലയ്ക്ക് ഇന്ധന വില വർദ്ധന കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനും ഇത് ഇടയാക്കും.