1
തോണിക്കടവ് ടൂറിസം പദ്ധതി

പേരാമ്പ്ര: ജില്ലയിലെ ടൂറിസം വികസത്തിന് പൊൻതൂവൽ ചാർത്തി തോണിക്കടവ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുന്നു. പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ ജനുവരി അവസാനവാരം ഉദ്ഘാടനത്തിന് സജ്ജമാവുമെന്നാണ് പ്രതീക്ഷ. ഇതോടെ കിഴക്കൻ മലയോരത്തെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടമാവും.

രണ്ട് ഘട്ടങ്ങളിലായി 3. 9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റേതാണ് ഫണ്ട്. ഇറിഗേഷൻ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി നിർവഹണം നടപ്പാക്കുന്നത്.

ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് തോണിക്കടവിലെ വിവിധ വികസന പദ്ധതികൾ യാഥാർത്ഥ്യമാവുന്നത്. കഫെറ്റീരിയ, വാച്ച് ടവർ, വാക്‌ വേ, സീറ്റിംഗ്, ആംഫി തിയേറ്റർ, മാലിന്യ സംസ്‌കരണം, കുട്ടികളുടെ പാർക്ക്, ബോട്ട് ജെട്ടി തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. ലാൻഡ്‌ സ്കേപിംഗും ഇലക്ട്രിക്കൽ പ്രവൃത്തികളാണ് ഇനി തീരാനുള്ളത്. തോണിക്കടവ് മുതൽ കരിയാത്തുംപാറ വരെ ബോട്ടിംഗും യാഥാർത്ഥ്യമാവും.