കൽപ്പറ്റ: കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറമലയുടെ സംരക്ഷണത്തിനു സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
അനേകം നീരുറവകളുടെ പ്രഭവകേന്ദ്രവും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുമായ കൊളഗപ്പാറമലയും അതിന്റെ ചരിവുകളും ഉൾപ്പെടുന്ന പ്രദേശം റവന്യൂ രേഖകൾ പ്രകാരം സർക്കാർ ഭൂമിയാണ്. മലയുടെ ഭാഗങ്ങളിൽ നടന്ന കൈയേറ്റവും മരംമുറിയും കരിങ്കൽ ഖനനവും നീർച്ചാലുകൾ വറ്റുന്നതിനും ജൈവൈവിധ്യ നാശത്തിനും കാരണമാകുകയാണ്. ട്രക്കിംഗിനും സൂര്യാസ്തമനം കാണാനുമായി ധാരാളം ആളുകൾ മലയിൽ എത്തുന്നുണ്ട്. ഇവർ ഉൾപ്പെടെ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം മലയിൽ കുമിയുകയാണ്.
മലയിലും ചരിവുകളിലുമായി ഇതിനകം നടന്ന മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കണം. പരിസര പ്രദേശങ്ങളിലെ നിർമാണങ്ങൾ പരിസ്ഥിതി സൗഹൃദമാക്കണം. മാലിന്യം നീക്കം ചെയ്യണം. പഞ്ചായത്തിന്റെ വരുമാനം വർധിപ്പിക്കാനുതകുന്ന പ്രകൃതിസൗഹൃദ പദ്ധതികൾ മലയിൽ നടപ്പിലാക്കണമെന്നും സമിതി പ്രസിഡന്റ് രാജൻ പൂമല, സെക്രട്ടറി മോഹൻദാസ് എന്നിവർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.