prathi
മുഹിൻ സുഹാലിഹ്

കോഴിക്കോട്: മയക്കുമരുന്നുകളുടെ കൂട്ടത്തിൽ മാരകഇനമായ എം.ഡി.എം.എ (മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ)യുമായി നല്ലളം നിറംനിലം വയൽ മുഹിൻ സുഹാലിഹ് (26 ) അറസ്റ്റിലായി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

യുവാവിനെ നല്ലളം ശാരദാമന്ദിരത്തിനടുത്ത് വെച്ച് നാർകോട്ടിക് അസി. കമ്മിഷണർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും നല്ലളം എസ്.ഐ എ അഷ്റഫും ചേർന്നാണ് പിടികൂടിയത്. ക്രിസ്റ്റൽ രൂപത്തിലുള്ള 4.530 ഗ്രാം എം.ഡി.എം.എ (സിന്തറ്റിക് ഡ്രഗ്) ഇയാളിൽ നിന്നു കണ്ടെടുത്തു. നഗരം കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി നിരീക്ഷണം ശക്തമാക്കിയിരുന്നു. വില്പനയ്ക്കായി കൊണ്ടുവന്ന 50 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത് കഴിഞ്ഞ മാസാവസാനമാണ്,

എം‌.ഡി‌.എം‌.എ യുടെ മിതമായ ഡോസ് ഉപയോഗിക്കുന്നതു പോലും ശരീരതാപനില അമിതമായി വർദ്ധിപ്പിക്കും. ഉയർന്ന രക്തസമ്മർദ്ദം, ക്ഷീണം, തലച്ചോറിന്റെ മാരകമായ വീക്കം എന്നിവയ്ക്കും വഴിവെക്കും. എം‌ഡി‌എം‌എയുടെ മിതമായ ഡോസ് പതിവായി ഉപയോഗിക്കുന്നവരിൽ ഹൃദയത്തിന്റെ പമ്പിംഗ് കാര്യക്ഷമത കുറയുകയും ചെയ്യും.

നിശാപാർട്ടികളിലാണ് എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ഡ്രഗ് കൂടുതലായി ഉപയോഗിക്കുന്നതെന്ന് അസി. കമ്മിഷണർ സുനിൽ കുമാർ പറഞ്ഞു. കൂടുതൽ നേരം ലഹരി നിൽക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ബംഗളൂരുവിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്ന് നല്ലളം ഇൻസ്പെക്ടർ എം.കെ സുരേഷ്‌കുമാർ പറഞ്ഞു. എസ് ഐ എ അഷ്റഫിന് പുറമെ എം.കെ സലിം, ദീപ്തി ലാൽ, എം.മുഹമ്മദ് ഷാഫി, എം.സജി, കെ.അഖിലേഷ്, കെ.എ ജോമോൻ,എം ജിനേഷ് , ഹോം ഗാർഡ് വിജയകൃഷ്ണൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.