പേരാമ്പ്ര : കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്തെ സമ്പൂർണ പച്ചക്കറി ഗ്രാമമാക്കാൻ അടുക്കളത്തോട്ടമത്സരം സംഘടിപ്പിക്കുന്നു. ജനശ്രീ അഗ്രിക്കൾച്ചറൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് മത്സരം. വാർഡിലെ നാന്നൂറോളം വീടുകളിൽ എട്ട് ഇനം പച്ചക്കറി വിത്തുകൾ എത്തിച്ച് നൽകും. വളർച്ചയുടെ ഘട്ടങ്ങളും വിളവും വിലയിരുത്തി ഏറ്റവും മികച്ച മൂന്ന് തോട്ടങ്ങൾക്ക് അവാർഡ് സമ്മാനിക്കും. സൊസൈറ്റി വൈസ് പ്രസിഡന്റ് മച്ചാനിക്കൽ ജോസ് മുതിർന്ന കർഷകൻ മേപ്പാടി ഗംഗാധരൻ കിടാവിന് പച്ചക്കറി വിത്തുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെബർ ടി. പി. ഉഷ അദ്ധ്യക്ഷത വഹിച്ചു. ഇ. ഗോവിന്ദൻ നമ്പീശൻ, ടി. പി. ചന്ദ്രിക, ഇല്ലത്ത് വേണുഗോപാൽ, ടി. കെ. ചന്ദ്രൻ, മോഹനൻ പെരേച്ചി, ഷീന ജയന്ത്, പി. എൻ. രജനി, രതീഷ് ഇരിക്കമ്പത്ത് എന്നിവർ പ്രസംഗിച്ചു.