kozhikode-

കോഴിക്കോട്: 'കൊവിഡൊക്കെ അതിന്റെ വഴിക്ക് പൊക്കോളും. ആഴ്ചയിലൊരു ദിവസം ബീച്ചിൽ വന്നെന്ന് കരുതി ഒന്നും വരാൻ പോകുന്നില്ല'. ഇതാണ് പലരുടെയും മനോഗതി. ഞായറാഴ്ചകളിൽ ബീച്ചിലെ തിരക്ക് കണ്ടാൽ കൊവിഡ് പോലും നാണിക്കും. നിയന്ത്രണങ്ങൾക്ക് നൽകിയ ഇളവിൽ കടകളെല്ലാം തുറന്നതോടെ കോഴിക്കോടൻ ബീച്ചിന്റെ സ്‌പെഷ്യൽ ഐറ്റം ഐസ് ഒരതിയും ഉപ്പിലിട്ടതും ചൂട് കടലയും കഴിക്കാനും തീരഭംഗി ആസ്വദിക്കാനും നൂറുകണക്കിന് ആളുകളാണ് അവധി ദിനങ്ങളിൽ ബീച്ചിലെത്തുന്നത്. രാവിലെ തുടങ്ങും തിരക്ക്. വെയിൽ കാഞ്ഞുള്ള ഇരുത്തവും നടത്തവും. മാസങ്ങൾ ലോക്ക് ഡൗണിൽ കുരുങ്ങിപ്പോയതിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണോ ഈ ജനത്തിരക്കെന്ന് സംശയിച്ചു പോകും. പലരും കുട്ടികളെയും കൂട്ടി കുടുംബ സമേതമാണ് ബീച്ച് സന്ദർശനം.സ്‌കൂളിൽ പോകാനും കൂട്ടുകാരുമായി കളിക്കാനും കഴിയാത്ത കുട്ടികൾക്ക് ഇത്തരം ഔട്ടിംഗുകൾ ആശ്വാസമാണെങ്കിലും കൊവിഡ് അടുത്തുണ്ടെന്ന കാര്യം രക്ഷിതാക്കൾ മറക്കുന്നു. എല്ലാവരും സ്വന്തം വാഹനങ്ങളിലാണ് വരുന്നത്. പക്ഷെ നിയന്ത്രണം ലംഘിച്ചുള്ള കൂടിച്ചേരൽ കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. തട്ടുകടകളിൽ നിന്നും മറ്റും ഭക്ഷണം കഴിക്കമ്പോഴും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. വണ്ടികൾ ഒരുമിച്ചെത്തുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് വേറെയും. ബീച്ചിനെ കൂടുതൽ മനോഹരമാക്കാനും സഞ്ചാരികളെ ആകർഷിക്കാനും നവീകരണ പ്രവൃത്തികൾ തകൃതിയായി നടക്കുകയാണ്.തകർന്ന നടപ്പാതകൾ നന്നാക്കൽ, സി.സി.ടിവി, ഇരിപ്പിടങ്ങൾ,പുൽത്തകിടി വച്ച് പിടിപ്പിക്കൽ തുടങ്ങിയവയെല്ലാം ഡി.ടി.പി.സി ആസൂത്രണം ചെയ്തിട്ടുണ്ട്.