കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ സ്ഥിരം സമിതികൾ ഇന്ന് നിലവിൽ വരും. രാവിലെ 11 നാണ് തിരഞ്ഞെടുപ്പ്. സമിതി നിലവിൽ വരുന്നതോടെ അദ്ധ്യക്ഷരെയും തിരഞ്ഞെടുക്കും.
എട്ട് സ്ഥിരം സമിതികളിൽ ഏഴിലും സി.പി.എം കൗൺസിലർമാരായിരിക്കും അദ്ധ്യക്ഷർ. മറ്റൊന്ന് സി.പി.ഐയ്ക്കും. കഴിഞ്ഞ തവണ സി.പി.എമ്മിന് ആറ് അദ്ധ്യക്ഷ പദവിയായിരുന്നു. യു.ഡി.എഫിനും ബി.ജെ.പിയ്ക്കും ഒരു അദ്ധ്യക്ഷസ്ഥാനം പേലും നേടിയെടുക്കാനുള്ള അംഗബലം കൗൺസിലിലില്ല.
എട്ടിൽ നാലിലും വനിതകൾ തലപ്പത്തെത്തും. നേരത്തെ മേയർ സ്ഥാനത്തേക്ക് ഡോ.ബീന ഫിലിപ്പിനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന ഡോ. എസ്. ജയശ്രീയായിരിക്കും ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ. വനിതാ സംവരണമായ വിദ്യാഭ്യാസം, നഗരാസൂത്രണം, വികസനം എന്നീ സ്ഥിരംസമിതികളുടെ അദ്ധ്യക്ഷർ പുതുമുഖങ്ങളാവും. കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ 21-കാരി എരഞ്ഞിപ്പാലത്തെ സി. രേഖയായിരിക്കും വിദ്യാഭ്യാസ സമിതിയുടെ അദ്ധ്യക്ഷ. നടുവട്ടം കൗൺസിലർ കെ.കൃഷ്ണകുമാരി നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷയാകും. ചെട്ടികുളം കൗൺസിലർ ഒ.പി.ഷിജിനയായിരിക്കും വികസന സമിതി അദ്ധ്യക്ഷ.
പി. ദിവാകരനും പി.സി. രാജനും വീണ്ടും
ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പദവി ഡെപ്യൂട്ടി മേയർക്കാണെന്നിരിക്കെ സി.പി. മുസാഫർ അഹമ്മദ് അതിന്റെ ചുമതലയേൽക്കും. പി.സി.രാജൻ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായേക്കും. കഴിഞ്ഞ കൗൺലിൽ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്നു ഇദ്ദേഹം. മുതിർന്ന അംഗങ്ങളിലൊരാളായ പി.ദിവാകരന് ക്ഷേമകാര്യമാകും ലഭിക്കുക. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കൗൺസിലിൽ എത്തിയ ഇദ്ദേഹവും നേരത്തേ അദ്ധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നു.
നികുതി അപ്പീൽ സമിതി ഇത്തവണയും സി.പി.ഐ ക്കായിരിക്കും. ഓരോ സീറ്റ് മാത്രമുള്ള എൻ.സി.പി. എൽ.ജെ.ഡി, കോൺഗ്രസ് എസ് എന്നീ ഘടക കക്ഷികളും സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനത്തിന് ആവശ്യമുന്നയിച്ചെങ്കിലും സി.പി.ഐയ്ക്ക് മാത്രം നൽകാൻ എൽ.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. സി.പി.ഐ കൗൺസിലറെന്ന നിലയിൽ പാളയത്ത് നിന്ന് ജയിച്ച പി.കെ.നാസർ മാത്രമേയുള്ളുവെങ്കിലും എൽ.ഡി.എഫ് സ്വതന്ത്രൻ ജയിച്ച വെള്ളിമാടുകുന്ന് സി.പി.ഐ യുടെ സീറ്റാണെന്നത് പരിഗണിച്ച് രണ്ട് അംഗങ്ങളുള്ള ഘടകകക്ഷിയെന്ന നിലയിലാണ് അദ്ധ്യക്ഷസ്ഥാനം ലഭിക്കുന്നത്. പി.കെ.നാസർ തന്നെയായിരിക്കും നികുതി അപ്പീൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ.
കഴിഞ്ഞ തവണ നികുതി അപ്പീൽ സമിതിയുടെ ചുമതല സി.പി.ഐ പ്രതിനിധി ആശ ശശാങ്കനായിരുന്നു. ക്ഷേമകാര്യം എൻ.സി.പി യിലെ അനിത രാജനും.