കോഴിക്കോട്: എൻ.സി.പി ഇടതുപക്ഷത്തുതന്നെ ഉറച്ചുനിൽക്കുകയാണെങ്കിലും പാലാ അടക്കം നാലു സിറ്റിംഗ് സീറ്റുകളുടെയും കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൻ.സി.പി ജില്ലാ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മന്ത്രി എ.കെ.ശശീന്ദ്രൻ എത്തിയില്ല.
ജില്ലാ കമ്മിറ്റികൾ വിളിച്ചുചേർക്കുന്നത് ശക്തി തെളിയിക്കാനല്ലെന്ന് പീതാംബരൻ പറഞ്ഞു. പാർട്ടിയിൽ രണ്ട് ചേരിയില്ല. സി.എച്ച് ഹരിദാസ് അനുസ്മരണം സംഘടിപ്പിച്ചത് ഔദ്യോഗിക നിർദ്ദേശപ്രകാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാല ഇരുപത് കൊല്ലമായി പാർട്ടിയുടെ സീറ്റാണ്. അത് വിട്ടുകൊടുക്കാനാവില്ല. സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കുന്ന പതിവ് ഇടതുമുന്നണിയിലില്ല. തോറ്റയാൾക്ക് ജയിച്ചവർ സീറ്റ് നൽകണമെന്നത് യുക്തിയല്ല. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പാലായുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ഇടതുമുന്നണി നേതൃത്വത്തോട് ആവശ്യപ്പെടും.
നിർവാഹക സമിതി യോഗത്തിൽ മുതിർന്ന നേതാക്കളായ എം. ആലിക്കോയ, പ്രൊഫ.ജോബ് കോട്ടൂർ, മുക്കം മുഹമ്മദ്, പി. സുധാകരൻ, എം.പി. സൂര്യനാരായണൻ എന്നിവർ പങ്കെടുത്തിരുന്നു.