party

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായുണ്ടാക്കിയ സഖ്യം അവസാനിപ്പിച്ചതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു നീക്കുപോക്കിനുമില്ല. യു.ഡി.എഫുമായും, എൽ.ഡി.എഫുമായും സഖ്യം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഉപാധികളില്ലാതെ പാർട്ടി പിന്തുണച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്ക്. ചർച്ചകളിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുത്തിരുന്നു.തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തിൽ നിന്ന് മുഖം മറയ്ക്കാനാണ് വെൽഫെയർ പാർട്ടിയെ കുറ്റം പറയുന്നത്. നീക്കുപോക്ക് യു.ഡി.എഫിനും പാർട്ടിയ്ക്കും ഒരു പോലെ ഗുണം ചെയ്തിട്ടുണ്ട്.മുമ്പ് എൽ.ഡി.എഫുമായുണ്ടാക്കിയ നീക്കുപോക്കും പ്രാദേശിക തലത്തിലായിരുന്നു.എൽ.ഡി.എഫ് ഇപ്പോൾ വിവാദമുണ്ടാക്കിയത് ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ടാണ്. യു.ഡി.എഫിൽ നിന്ന് ഹിന്ദു - ക്രൈസ്തവ വോട്ടുകളുടെ അടിയൊഴുക്കുണ്ടായെന്ന വിലയിരുത്തൽ ശരിയല്ലെന്നും ഹമീദ് പറഞ്ഞു.