1
ബോംബ് സ്‌ഫോടനത്തിൽ വീടിന്റെ മുൻവശത്തെ ജനൽ പാളികൾ തകർന്ന നിലയിൽ

പേരാമ്പ്ര: സി.പി.ഐ ചക്കിട്ടപ്പാറ ലോക്കൽ സെക്രട്ടറി വി.വി.കുഞ്ഞിക്കണ്ണന്റെ വീടിന് നേരെ ബോംബാക്രമണം. കഴിഞ്ഞ ദിവസം അർദ്ധരാത്രി കഴിഞ്ഞതോടെയാണ് സംഭവം. ‌രണ്ട് തവണ ബോംബേറുണ്ടായി. സ്‌ഫോടനശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ രണ്ടു ഇരുചക്രവാഹനങ്ങളിലായി കടന്നുകളഞ്ഞു.

വീടിന്റെ മുൻവശത്തെ വാതിലും ചുമരും അകത്തെ ഷോകേസും മൂന്നു ജനൽപാളികളും തകർന്നു.

രാത്രി പരിസരത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം വൈകാതെ സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പെരുവണ്ണാമൂഴി സബ് ഇൻസ്പക്ടർ എ.കെ. ഹസ്സന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അക്രമികളെ ഉടൻ പിടികൂടണമെന്ന് സി.പി.ഐ. ചക്കിട്ടപ്പാറ ലോക്കൽ കമ്മി​റ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രദേശത്തെ ക്രമസമധാനം തകർക്കുന്ന വിധം നിരന്തരം ബോംബാക്രമണം നടക്കുന്നത് അന്വേഷിക്കാൻ സ്‌പെഷൽ അന്വേഷണസ്‌ക്വാഡിനെ നിയോഗിക്കണം.

യോഗത്തിൽ പ്രേമൻ നടുക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ പെരുവണ്ണാമൂഴി, ചിപ്പി മനോജ്, സന്തോഷ് മുതുകാട്, സി.എം.ഉണ്ണി, ടോമി അമ്പാട്ട്, വിനയകുമാരി പനമ​റ്റം, എൻ.കെ.വാസു എന്നിവർ പ്രസംഗിച്ചു.