കോഴിക്കോട്: സ്മരണകളുടെ നെരിപ്പോടുമേന്തി ഇതിഹാസ മണ്ണിൽ വിപ്ളവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാ‌ർ നടത്തിയ ഒത്തുചേരൽ പുതുചരിത്രത്തിന് അടിക്കുറിപ്പായി. എസ്.എഫ്.ഐ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് നടന്ന പൂർവ നേതൃസംഗമം സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കമായത്. കാരപ്പരമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ എം.പിയുമായ എം.ബി രാജേഷ് സംഗമം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നടന്ന ഉജ്ജ്വലമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയെല്ലാം നിർണായക വഴിത്തിരിവായ സമരമുഖങ്ങൾ കോഴിക്കോട് ആയിരുന്നു. എസ്.എഫ്.ഐ ഒരു രാഷ്ട്രീയ സംഘടനയോ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനയോ അല്ല. നീതിക്കും വിമോചനത്തിനും വേണ്ടി പോരാടുന്ന ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യരുമായി സാഹോദര്യം നൽകുന്ന പ്രസ്ഥാനമാണ് എസ്.എഫ്.ഐയെന്നും എം.ബി രാജേഷ് പറഞ്ഞു. സംഗമത്തിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.അതുൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ സിദ്ധാർത്ഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സി അനുജിത്ത്, സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മോഹനൻ, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എ. പ്രദീപ് കുമാർ എം.എൽ.എ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ്, പ്രഥമ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സി. പി അബൂബക്കർ, ഡെപ്യൂട്ടി മേയറും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയുമായ സി.പി മുസാഫിർ അഹമ്മദ്, എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് പുത്തലത്ത് ദിനേശൻ, മുൻ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷ്, മുൻ കേന്ദ്ര കമ്മിറ്റി അംഗം കെ.പി സുമതി, രക്തസാക്ഷി ജോബി ആൻഡ്രൂസിന്റെ പിതാവ് ആൻഡ്രൂസ്,​ മാതാവ് മേരി ആൻഡ്രൂസ് എന്നിവരും പങ്കെടുത്തു.