കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 10 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. സമ്പർക്കത്തിലൂടെയുള്ള വൈറസ് വ്യാപനം തടയാൻ കർശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. സംസ്ഥാനത്ത് കൊവിഡ് പരിശോധനയിൽ പത്തുലക്ഷം പൂർത്തീകരിക്കുന്ന ആദ്യ ജില്ലയാണ് കോഴിക്കോട്.
ജനുവരി 10 വരെ 10,03,512 കൊവിഡ് പരിശോധനകളാണ് ജില്ലയിൽ നടത്തിയത്. മൂന്നുമാസത്തിനിടെ അഞ്ചുലക്ഷം പേരെ പരിശോധിച്ചു. സർക്കാർ സംവിധാനത്തിലൂടെ 4,73,644 ആന്റിജൻ പരിശോധനകളും 23,156 ട്രൂനാറ്റ് പരിശോധനകളും 1,62,550 ആർ.ടി.പി.സി.ആർ പരിശോധനകളും നടത്തി. 660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളിൽ 3,42,593 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.12 ശതമാനമാണ്.
ആരോഗ്യപ്രവർത്തകർ, ആർ.ആർ.ടി അംഗങ്ങൾ, ഹെൽത്ത് വോളണ്ടിയർമാർ എന്നിവരാണ് കൊവിഡ് പരിശോധനയിൽ ചുമതലകൾ വഹിക്കുന്നത്. ഇന്നലെ 4,463 സ്രവസാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ അയച്ചതിൽ 10,00,414 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 9,09,682 എണ്ണം നെഗറ്റീവാണ്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.50 ശതമാനമാണ്. 91,290 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 318 പേരുടെ മരണം റിപ്പോർട്ട് ചെയ്തു