മുക്കം: മുക്കം നഗരസഭയിൽ 15 വീതം സീറ്റുനേടി എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തി ഭരണം അനിശ്ചിതത്വത്തിലായപ്പോൾ സ്വതന്ത്രന്റെ പിന്തുണയോടെ ഭരണത്തിലേറിയ ഇടതുമുന്നണിക്ക് വീണ്ടും അഗ്നിപരീക്ഷ. ഇന്ന് നടക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. 33 അംഗങ്ങളുള്ള നഗരസഭയിൽ ചെയർമാൻ വൈസ് ചെയർപേഴ്സൺ എന്നിവർക്ക് പുറമെ ആറ് സ്റ്റാന്റിംഗ് കമ്മിറ്റികളാണ് ഇന്ന് തിരഞ്ഞെടുക്കേണ്ടത്. ധനകാര്യം, വികസനം, പൊതുമരാമത്ത് ,വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമകാര്യം എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പിൽ രണ്ടംഗങ്ങളുള്ള എൻ.ഡി.എയുടെ നിലപാട് നിർണായകമാണ്. ചെയർമാൻ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ഇവർ പങ്കെടുത്തിരുന്നില്ല. എന്നാൽ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഇവരുടെ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. ഇതിനിടെ മണാശ്ശേരിയിൽ ഒരു മുസ്ലിംലീഗ് കൗൺസിലറെ ചില യൂത്ത് കോൺഗ്രസുകാർ കൈയേറ്റം നടത്തിയതായി പരാതിയുണ്ട്. ചെയർമാൻ തിരഞ്ഞെടുപ്പിൽ ഈ കൗൺസിലറുടെ വോട്ട് അസാധുവായിരുന്നു.