nbews

കുറ്റ്യാടി: കൊവിഡിൽ സ്‌കൂളുകൾ അടഞ്ഞതോടെ ജോലിയും കൂലിയുമില്ലാതെ ജീവിതമാർഗം തേടി വലയുകയാണ് കുന്നുമ്മൽ ഉപജില്ലയിലെ നൂറോളം പ്രീ പ്രൈമറി സ്‌കൂളുകളിലെ അദ്ധ്യാപികമാരും ആയമാരും.
എയ്ഡഡ് പ്രീ പ്രൈമറി രംഗത്ത് പത്തും ഇരുപതും വർഷങ്ങളായി ജോലി ചെയ്യുന്ന ഇവരുടെ ദുരിതത്തിന് മാസങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതരുടെ മൗനം തുടരുകയാണ്. കഴിവും യോഗ്യതയും ഉണ്ടായിട്ടും
4000 രൂപയിൽ താഴെ മാത്രം മാസവരുമാനമാണ് ഇവർക്ക് ലഭിച്ചിരുന്നത്.കൊവിഡിൽ സ്‌കൂളുകൾ അടഞ്ഞതോടെ അതും നിലച്ചു. മറ്റു വിഭാഗങ്ങളിൽ നടക്കുന്ന ഓൺലൈൻ അദ്ധ്യാപനം ഇവിടെ നടക്കുന്നുമുണ്ട്.
മറ്റെല്ലാ വിഭാഗക്കാരെയും സർക്കാർ ചേർത്തുനിർത്തിയപ്പോൾ ഞങ്ങളെ കൈവിട്ടുവെന്നാണ് ഇവരുടെ പരാതി. ലീവില്ലാത്തതിനാൽ അസുഖം വന്നാൽ പകരം ഒരാളെ സ്വന്തം ചെലവിൽ നിർത്തണം. സ്‌കൂൾ അവധിക്കാലങ്ങളിൽ പുതിയ വിദ്യാർത്ഥികളെ തേടി വീടുകൾ തോറും കയറിയിറങ്ങേണ്ടിയും വരും. ജീവിത മാർഗമില്ലാത്ത പലരും തൊഴിലുറപ്പ് ജോലിക്ക് പോയാണ് വരുമാനം കണ്ടെത്തുന്നത്. സാധാരണ നിലയിൽ
രാവിലെ 8 മണി മുതൽ വൈകീട്ട് അഞ്ചര മണി വരെ ജോലി ചെയ്തിരുന്ന പ്രീ പ്രൈമറി അദ്ധ്യാപകരെ പി.ടി.എയാണ് നിയമിച്ചിരുന്നത്. സർക്കാർ പ്രീ പ്രൈമറി അദ്ധ്യാപകർക്ക് സേവന വേതന വ്യവസ്ഥകൾ ഉണ്ടെങ്കിലും അതെ യോഗ്യതയും ജോലിയും ചെയ്യുന്ന എയ്ഡഡ് മേഖലയിലുള്ളവരോട് കാണിക്കുന്ന സമീപനം മാറ്റണമെന്നും ഇവർ ആവശ്യപ്പെടുന്നു.