കോഴിക്കോട് : മാതൃകയായി കോഴിക്കോട് ജില്ലയിലെ കൊവിഡ് 19 ജാഗ്രത പോർട്ടൽ. കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായാണ് പോർട്ടൽ ആരംഭിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം, കൊവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാദ്ധ്യമാക്കൽ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്ര പകർച്ചവ്യാധി മാനേജ്‌മെന്റ് സംവിധാനം മികച്ച രീതിയിലുള്ള പ്രവർത്തനമാണ് മുന്നോട്ടു വെക്കുന്നത്.
ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികൾ സമർപ്പിക്കാനും പ്രശ്‌നപരിഹാരത്തിനുമായുള്ള ഓൺലൈൻ സംവിധാനം എന്നിവയ്ക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷൻ വിപുലീകരിക്കുന്നുണ്ട്. സെക്ടറൽ മജിസ്‌ട്രേറ്റ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളും പോർട്ടലിൽ രേഖപ്പെടുത്തുന്നു.
നിലവിൽ പുതുതായി കൊവിഡ് ഐ.സി.യുകളെ ബന്ധിപ്പിക്കുന്ന ഐ.സി.യു ഗ്രിഡ് സംവിധാനവും കൊവിഡ് 19 ജാഗ്രത പോർട്ടലിൽ പ്രവർത്തന സജ്ജമായി. സ്വകാര്യ ആശുപത്രികളിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ചികിത്സാ ധനസഹായത്തിനുള്ള റഫറൽ ലെറ്ററും പോർട്ടൽ മുഖേന നൽകുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് പരിശോധനയിൽ പത്തുലക്ഷം പൂർത്തീകരിക്കുന്ന ആദ്യ ജില്ലയും കോഴിക്കോടാണ്.