കൽപറ്റ: ബാണാസുരസാഗർ പദ്ധതി വന്നപ്പോൾ മുങ്ങിപ്പോയ കൈവശ ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് കർഷകനും കുടുംബവും അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. പൊഴുതന സേട്ടുകുന്നിലെ മൈലാക്കൽ ജോസഫിന് തരിയോട് നോർത്ത് വില്ലേജിൽ ഉണ്ടായിരുന്ന അഞ്ച് ഏക്കർ ഭൂമിക്കാണ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടാത്തത്.
86 കാരനായ ജോസഫും കുടുംബവും ഇന്നലെ വൈത്തിരി താലൂക്ക് ഓഫീസ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ജോസഫിനു പിന്തുണയുമായി കാർഷിക പുരോഗമന സമിതിയടക്കം സ്വതന്ത്ര കർഷക സംഘടനകളും രംഗത്തുണ്ട്.
1976 മുതൽ ജോസഫിന്റെ കൈവശമുള്ളതായിരുന്നു ഭൂമി. ബന്ധുവായ പുരയിടത്തിൽ തോമസ് ചെറിയ തുക പ്രതിഫലം വാങ്ങിയാണ് ഭൂമി ജോസഫിനു നൽകിയത്. ഈ സ്ഥലത്തിനു പട്ടയം നേടുന്നതിനു ജോസഫ് കൽപറ്റ ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല. ജോസഫിന്റെ കൈവശമുള്ളതു നിക്ഷിപ്ത വനഭൂമിയാണെന്ന് വനം ഉദ്യോഗസ്ഥൻ ലാൻഡ് ട്രിബ്യൂണലിനെ അറിയിച്ചതാണ് പട്ടയം നിഷേധിക്കാൻ കാരണം. വനത്തിൽനിന്ന് തടിയും വിറകും കടത്തുന്നതിനെതിരെ ശബ്ദമുയർത്തിയതാണ് ഉദ്യോഗസ്ഥന്റെ വിരോധത്തിന് കാരണമെന്ന് ജോസഫ് പറയുന്നു.
തരിയോട് നോർത്ത് വില്ലേജിൽ 1981ൽ 11 പേരുടെ ഭൂമി ഏറ്റെടുത്തപ്പോൾ ജോസഫും അവകാശികളില്ലാതെ മരിച്ച മറ്റൊരാളും ഒഴികെയുള്ളവർക്കു നഷ്ടപരിഹാരം ലഭിച്ചു. കൈവശ കുടുംബങ്ങൾക്കു പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ടു 1989ലെ സർക്കാർ ഉത്തരവു പ്രകാരം വൈത്തിരി താലൂക്കിലെ കോട്ടപ്പടി, തൃക്കൈപ്പറ്റ, മൂപ്പൈനാട്, തരിയോട്, പടിഞ്ഞാറത്തറ, വെള്ളരിമല വില്ലേജുകളിൽ സംയുക്ത പരിശോധന നടന്നിരുന്നു. അർഹരെന്നു കണ്ടെത്തിയ 477 പേരുടെ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും ജോസഫിന് പട്ടയമോ കൈവശരേഖയോ കിട്ടിയില്ല.
ഭൂമിക്ക് രേഖയും നഷ്ടപരിഹാരവും ലഭിക്കാത്ത സാഹചര്യത്തിൽ 2002ൽ ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. സംയുക്ത പരിശോധനയിലൂടെ പ്രശ്നം പരിഹരിക്കണമെന്നു 2004ൽ കോടതി ഉത്തരവായെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. സാമ്പത്തിക പരാധീനതമൂലം ജോസഫിനു വീണ്ടും കോടതിയെ സമീപിക്കാൻ കഴിഞ്ഞില്ല. റവന്യൂ വകുപ്പിന്റെ ഫയൽ അദാലത്തിൽ അപേക്ഷ നൽകിയെങ്കിലും ജോസഫിന്റെ കൈവശമുണ്ടായിരുന്നത് വനഭൂമിയാണെന്നാണ് വൈത്തിരി തഹസിൽദാർ(ഭൂരേഖ) ജില്ലാ കലക്ടർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തിന് കൈവശരേഖ നൽകുന്നതിനു തടസ്സമുള്ളതായി കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.
ജോസഫിനും കുടുംബത്തിനും പിന്തുണ അറിയിച്ച് കാർഷിക പുരോഗമനസമിതിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ വൈത്തിരി താലൂക്ക് ഓഫീസ് മാർച്ച് നടത്തുമെന്ന് ചെയർമാൻ പി.എം.ജോയി, കൺവീനർ ഗഫൂർ വെണ്ണിയോട് എന്നിവർ അറിയിച്ചു.
പടംഎം.എം. ജോസഫ്.