കൽപറ്റ: ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്ര വിഭാഗത്തിൽ നിന്ന് തദ്ദേശഭരണത്തിന്റെ പ്രധാന സ്ഥാനത്ത് എത്താൻ കഴിഞ്ഞ എസ്.ബിന്ദു ജില്ലയ്ക്ക് തന്നെ അഭിമാനമായി.

വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ എസ്.ബിന്ദു പട്ടികവർഗത്തിൽ പിന്നാക്കം നിൽക്കുന്ന പണിയ സമുദായ അംഗമാണ്. വയനാടിന്റെ ചരിത്രത്തിലാദ്യമായാണ് പണിയ സമുദായാംഗം ഈ പദവിയിയെത്തുന്നത്.

മേപ്പാടി പട്ടികവർഗ സംവരണ ഡിവിഷൻ പ്രതിനിധിയാണ് സി.പി.ഐ അംഗമായ ബിന്ദു. മേപ്പാടി ഏലവയൽ പണിയ കോളനിയിലെ ശാന്തയുടെ മകളാണ് ഈ 37 കാരി. കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ഗേൾസ് ഹൈസ്‌കൂളിൽനിന്ന് എസ്.എസ്.എൽ.സി പാസായി ചിന്തലൂർ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലാണ് തുടർ പഠനം നടത്തിയത്.

പിന്നീട് വൈത്തിരി സ്വദേശി ഷാജിയെ വിവാഹം കഴിച്ച ബിന്ദു രണ്ടു മക്കളുടെ അമ്മയായി. കുറച്ചുകാലം പുത്തുമല അങ്കണവാടിയിൽ ജോലി ചെയ്ത ഇവർ വീട്ടുകാര്യവും കുറച്ചു നാട്ടുകാര്യവുമായി കഴിയുന്നതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു അവസരമൊരുങ്ങിയത്. യു.ഡി.എഫും ബി.ജെ.പിയും പുരുഷൻമാരെ മത്സരത്തിനിറക്കിയപ്പോഴാണ് സി.പി.ഐ വനിതയെ സ്ഥാനാർത്ഥിയാക്കിയത്.
ജില്ലാ പഞ്ചായത്ത് വൈസ് തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ കെ.ബി.നസീമയുമായി തുല്യനില പാലിച്ചതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബിന്ദു ജില്ലാ പഞ്ചായത്തിന്റെ ഉപാദ്ധ്യക്ഷ പദവിയിലെത്തിയത്.

കണ്ണൂർ, മലപ്പുറം ജില്ലകളിലുമുണ്ടെങ്കിലും പണിയ സമുദായത്തിൽപ്പെട്ടവർ ഏറ്റവും കൂടുതൽ വയനാട്ടിലാണ്. 2011ലെ കണക്കനുസരിച്ച് 1,51,443 ആണ് ജില്ലയിലെ ആദിവാസി ജനസംഖ്യ. ഇതിൽ 69,116 പേർ പണിയ വിഭാഗത്തിൽപ്പെട്ടതാണ്. ആദിവാസി ജനസംഖ്യയിൽ പ്രഥമ സ്ഥാനത്താണെങ്കിലും തിരഞ്ഞെടുപ്പുകളിൽ പണിയ സമുദായത്തിനു മതിയായ പ്രാതിനിധ്യം ലഭിക്കാറില്ല. സംവരണ സീറ്റുകളിൽ കുറുമ, കുറിച്യ വിഭാഗങ്ങൾക്കാണ് രാഷ്ട്രീയ പാർട്ടികൾ പൊതുവെ അവസരം നൽകുന്നത്. അസംഘടിതരായിരുന്ന പണിയ സമുദായാംഗങ്ങൾ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയശേഷമാണ് ഈ അവസ്ഥയ്ക്കു കുറച്ചെങ്കിലും മാറ്റമായത്.

തദ്ദേശഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിലൊന്നിൽ പണിയ വനിത എത്തിപ്പെട്ടത് സമുദായത്തെ സംബന്ധിച്ച് സുന്ദര മുഹൂർത്തമാണെന്ന് കേരള പണിയ സമാജം പ്രസിഡന്റ് കെ.ബലറാം പറഞ്ഞു.