കോഴിക്കോട്: കക്കോടി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഓർമ്മത്തുരുത്ത് ഒരുക്കി ഭരണം തുടങ്ങി. പഞ്ചായത്ത് കെട്ടിടത്തിന് പിന്നിലാണ് മെമ്പർമാർ വൃക്ഷത്തൈ നട്ട് ഓർമ്മത്തുരുത്ത് ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ് എന്നിവർ ചേർന്ന് മാവിൻതൈ നട്ട് ഓർമ്മത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

ഹരിത കേരളം മിഷൻ, സാമൂഹ്യ വനവത്കരണ വിഭാഗം, തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് തൈകൾ നൽകിയത്. മാവ്, പേര, അരിനെല്ലി, അത്തി, കണിക്കൊന്ന, അശോകം, ഇലഞ്ചി, വീട്ടി, വേങ്ങ, മണിമരുത്, ആര്യവേപ്പ്, താന്നി, മന്ദാരം, ഉങ്ങ്, കരിങ്ങാലി, മുള തുടങ്ങി വൈവിധ്യമാർന്ന വൃക്ഷത്തെകളാണ് നട്ടുപിടിപ്പിച്ചത്. തുടർ പരിപാലനം തൊഴിലുറപ്പ് പദ്ധതിയിൽ നിർവഹിക്കും.

വൈസ് പ്രസിഡന്റ് വിനോദ് ടി.ടി, സ്ഥിരം സമിതി അംഗങ്ങളായ മല്ലിക പുനത്തിൽ, താഴത്തിൽ ജുമൈലത്ത്, കൈതമോളി മോഹനൻ, മറ്റു മെമ്പർമാർ, സെക്രട്ടറി യു.കെ രാജൻ, അസിസ്റ്റന്റ് സെക്രട്ടറി ഭുവനേശ്വരി എൻ, കൃഷി ഓഫീസർ ദിവ്യ ശശിധരൻ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനിയർ ടി.ടി.അജിത, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ സത്യവതി, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ജെസ്ലിൻ പി.കെ, ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.