കൽപ്പറ്റ: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.കെ.രാമചന്ദ്രൻ മാസ്റ്ററോട് വയനാട് ഡി.സി.സി അവഗണന കാണിച്ചു എന്ന തരത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി.
മരണ വിവരം അറിഞ്ഞപ്പോൾ തന്നെ പാർട്ടി പതാകകൾ താഴ്ത്തി കെട്ടുന്നതിനും, ആദരാഞ്ജലി അർപ്പിച്ച്‌ ബോർഡുകൾ സ്ഥാപിക്കുന്നതിനും പഞ്ചായത്ത് ആസ്ഥാനങ്ങളിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിക്കാനും മണ്ഡലം കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷനും ജില്ലയിലെ നേതാക്കളും പ്രവർത്തകരും കോഴിക്കോട് എത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്തു. റീത്തിൽ എഴുതിയ പേരിനെ ചൊല്ലി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി റീത്ത് വെച്ചില്ല എന്ന് പറയുന്നത് ശരിയല്ല. കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ജില്ലയിൽ നിന്നുള്ള ഒട്ടനവധി നേതാക്കൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.

പത്താം തിയ്യതി കൽപ്പറ്റയിൽ എ.ഐ.സി.സി സെക്രട്ടറിയുടേയും, കെ.പി.സി.സി ഭാരവാഹികളുടേയും നേതൃത്വത്തിൽ നടന്ന നേതൃസംഗമം ആരംഭിച്ചത് രാമചന്ദ്രൻ മാസ്റ്ററുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ്. ഇതൊന്നും മനസ്സിലാക്കാതെ പത്രവാർത്തകൾ സൃഷ്ടിക്കുന്നവർക്ക് രാഷ്ട്രീയ വിരോധം മാത്രമാണ് ഉള്ളതെന്നും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.